കാലവര്‍ഷക്കെടുതിയില്‍ 8316 കോടിയുടെ നഷ്‌ടം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി - കേന്ദ്ര സംഘത്തെ വീണ്ടും അയക്കണമെന്ന് മുഖ്യമന്ത്രി

ചൊവ്വ, 14 ഓഗസ്റ്റ് 2018 (14:57 IST)
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് സമാനതകളില്ലാത്ത കാലവർഷക്കെടുതിയാണ് ഉണ്ടായത്. ഒരു വലിയ വിഭാഗം ദുരിതം അനുഭവിക്കുമ്പോള്‍  ആഘോഷം നടത്തുന്നില്‍ അര്‍ഥമില്ല. 8316 കോടിയുടെ നഷ്‌ടമാണ് സംസ്ഥാനത്തിനുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ഓണാഘോഷ പരിപാടികള്‍ക്കായി കണ്ടെത്തിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റും. നെഹ്റു ട്രോഫി താല്‍ക്കാലികമായി മാറ്റിവച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്തി അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതികൾ വിലയിരുത്താൻ വീണ്ടും കേന്ദ്ര സംഘത്തെ വീണ്ടും അയക്കണം. വെള്ളമിറങ്ങിയാലെ കൃത്യമായ നഷ്ടം കണക്കാക്കാനാകൂ. അതിനാലാണ് കേന്ദ്ര സംഘത്തെ വീണ്ടും അയയ്ക്കണമെന്ന ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം. സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്പളം നല്‍കാനാണ് അഭ്യര്‍ഥന. കൈമാറുന്ന ഫണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ കമ്മീഷന്‍ ഒഴിവാക്കാന്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

1220 കോടി അടിയന്തരസഹായം തേടിയിരുന്നുവെങ്കിലും 100 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 38 പേര്‍ മരിച്ചപ്പോള്‍ നാല് പേരെ കാണാതായി. 444 വില്ലേജുകളെ ബാധിച്ച പ്രളയം 20,​000 വീടുകൾ തകര്‍ത്തു. 215 സ്ഥലങ്ങളിൽ ഉരുൾപൊട്ടുകയും 10,​000 കിലോമീറ്റർ റോഡുകള്‍ തകരുകയും ചെയ്‌തു. 30,​000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വീടുകളില്‍നിന്ന് മാറിത്താമസിക്കേണ്ടിവന്ന ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10000 രൂപ നല്‍കും. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് നാല് ലക്ഷം നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 3മുതല്‍ 5 സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി പരമാവധി അഞ്ച് ലക്ഷം രൂപവരെ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍  തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ലഭിക്കേണ്ട ആളുകളുടെ, അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന് ആവശ്യം ബാങ്കുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍