ബിജെപിക്ക് അഞ്ച് എംഎൽഎമാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ സര്‍ക്കാര്‍ നിലംപൊത്തിയേനെ; പ്രതിപക്ഷം പലപ്പോഴും പരാജയപ്പെട്ടു- സുരേഷ് ഗോപി

തിങ്കള്‍, 18 ഏപ്രില്‍ 2016 (15:16 IST)
യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി ഇടപാടുകളെ പ്രതിപക്ഷത്തിന് വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചില്ലെന്ന് നടൻ സുരേഷ് ഗോപി. സഭയില്‍ അഞ്ച് ബിജെപി എംഎൽഎമാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലായിരുന്നു. ജനങ്ങളുടെ മുഖത്തടിക്കുന്ന തരത്തിലുള്ള ഭരണവും അഴിമതിയും നടത്തിയതിന് തെരഞ്ഞെടുപ്പിൽ വോട്ടർമാർ പകരം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോളർ, ബാർ അഴിമതി ഇടപാടുകള്‍ പ്രതിപക്ഷത്തിന് വേണ്ടരീതിയില്‍ നേരിടാന്‍ സാധിച്ചില്ല. സഭയില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായിരുന്നുവെങ്കില്‍ മൂന്ന് വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ നിലം പൊത്തിയേനെ. ഇത്തവണ സഭയില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടാകുമെങ്കിലും അവര്‍ എത്ര പേരുണ്ടാകുമെന്ന് അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന അജണ്ടകള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ നിയമസഭയിലേക്ക് ജയിക്കുന്ന ബിജെപി അംഗങ്ങൾക്ക് സാധിക്കും. ഇവര്‍ കേന്ദ്രസര്‍ക്കാരിന്റെ ആഞ്ജകള്‍ നടപ്പാക്കുന്നതില്‍ വിജയിക്കും. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെപ്പോലെ തന്നെ താൻ ആദരിച്ചിരുന്ന വ്യക്തിയായിരുന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരനെങ്കിലും മന്ത്രിസഭയിലെ അഴിമതി ആരോപണ വിധേയരെ വീണ്ടും മൽസരിപ്പിക്കാനുള്ള ധാർഷ്ട്യം നിറഞ്ഞ തീരുമാനത്തിന് ന്യായീകരണമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

വെബ്ദുനിയ വായിക്കുക