തിരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി.പ്രകാശിന്റെ മരണം. ഇതോടെ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പില്‍ വി.വി.പ്രകാശ് ജയിച്ചാല്‍ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അതേസമയം, സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.വി.അന്‍വറാണ് ജയിക്കുന്നതെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരില്ല. ഇക്കാര്യത്തില്‍ മേയ് രണ്ടിന് തീരുമാനമാകും.
2016 ല്‍ 11,504 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിലമ്പൂരില്‍ പി.വി.അന്‍വര്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പരാജയം ഏറ്റുവാങ്ങി. ഇത്തവണ വി.വി.പ്രകാശിലൂടെ നിലമ്പൂര്‍ പിടിച്ചെടുക്കുകയാണ് യുഡിഎഫ് ലക്ഷ്യമിട്ടത്. പ്രകാശ് നിലമ്പൂരില്‍ ജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അതിനിടയിലാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍.