അന്വേഷണ റിപ്പോർട്ട് തിരുത്തിയ ഗ്രേഡ് എസ്.ഐ അറസ്റ്റിൽ
മലപ്പുറം: എ.എസ്.ഐ ക്കെതിരെയായ അന്വേഷണ റിപ്പോർട്ട് തിരുത്തിയ ഗ്രേഡ് എസ്.ഐ അറസ്റ്റിലായി. തിരൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മോഹൻദാസിനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ആയിരുന്ന സുധീഷ് പ്രസാദിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ആ സമയം അഡ്മിനിസ്ട്രേറ്റിവ് ഡി.വൈ.എസ്.പി യുടെ റൈറ്ററായിരുന്ന മോഹൻദാസ് തിരുത്തൽ വരുത്തിയിരുന്നു. ഇതാണ് ഇപ്പോൾ ഇയാൾക്ക് വിനയായത്. തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി.ബാബു മോഹൻദാസിനെ അറസ്റ്റ് ചെയ്തു.
പോലീസ് സർവീസിൽ നിരവധി ആരോപണങ്ങൾ ഉണ്ടായ എ.എസ്.ഐ സുധീഷ് പ്രസാദിനെതിരെ 2016 ൽ വനിതാ സി.ഐ പ്രത്യേക അന്വേഷണ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിൽ നിലമ്പൂർ സി.ഐ നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. എന്നാൽ ഡി.വൈ.എസ്.പി അറിയാതെ റൈറ്ററായിരുന്ന മോഹൻദാസ് തിരുത്തൽ നടത്തി. ഇതിനിടെ സുധീഷ് പ്രസാദിനെ സർവീസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
റിപ്പോർട്ട് തിരുത്തിയ വിവരം അറിഞ്ഞതോടെ കേസാവുകയും ഇപ്പോൾ തിരൂർ ഗ്രേഡ് എസ്.ഐ ആയ മോഹൻദാസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ ഉടൻ വകുപ്പ്തല നടപടി ഉണ്ടാകുമെന്നാണ് സൂചന.