‘ഗോഡ്‌സെ മാത്രമല്ല സവർക്കറും ഭീകരവാദി, കമൽഹാസന്‍ ഇനി എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല‘; കമാല്‍ പാഷ

ശനി, 18 മെയ് 2019 (17:43 IST)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം വിനായക് ഗോഡ്‌സേ ആണെന്ന മക്കൾ നീതി മെയ്യം നേതാവും നടനുമായ കമല്‍‌ഹാസന്റെ പ്രസ്‌താവനയില്‍ തെറ്റില്ലെന്ന് റിട്ട ജസ്‌റ്റീസ് കമാല്‍ പാഷ.

തീവ്രവാദിയും കൊലയാളിയും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ഗോഡ്‌സെയെ അനുകൂലിക്കുന്നവർ ഇപ്പോൾ ഉയർത്തുന്ന വാദം. 'ഞാനൊരു നല്ല ഹിന്ദുവായതുകൊണ്ടു തന്നെ നല്ല മുസൽമാനുമാണ്' എന്നു പറഞ്ഞതിനാണ് ഗാന്ധിജിയെ വെടിവെച്ചു കൊന്നത്. ഇത് ഭീകരവാദ പ്രവൃത്തി തന്നെയാണെന്നും പാഷ പറഞ്ഞു.

ആൻഡമാൻ ദ്വീപിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നല്‍കി പുറത്തുവന്ന സവർക്കർ രൂപീകരിച്ച സംഘടനയാണ് ഹിന്ദു മഹാസഭ. ഈ സംഘടനയിലെ അംഗമാണ് ഗോഡ്‌സേ. ഗാന്ധിജിയെ കൊല്ലാനുള്ള നിര്‍ദേശവും നിര്‍ദേശവും ഇവിടെ നിന്നാണുണ്ടായത്.

ഗൂഢാലോചന കുറ്റം മാത്രമാണ് സവര്‍ക്കര്‍ നേര്‍ടേണ്ടി വന്നത്. ഇതിനാല്‍ കേസ് നടപടികളില്‍ നിന്നും അയാള്‍ രക്ഷപ്പെട്ടു. ഇന്നാണെങ്കില്‍ തെളിവുകള്‍ സഹിതം അകത്താകുമായിരുന്നു. ഇതിന് പിന്നാലെയാണ് സവര്‍ക്കറിനെ മഹാത്മാവായി പ്രതിഷ്ഠിച്ചു. ഗോഡ്‌സെയും സവര്‍ക്കറും ചെയ്‌തത് ഒരേ കുറ്റം തന്നെയാണെന്നും കമാല്‍ പാഷ വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരിലാണ് കമൽഹാസനെതിരെ ഫത്വ പുറപ്പെടുവിക്കുകയും വെടിവച്ച് കൊല്ലണമെന്ന ആഹ്വാനവും ഉണ്ടായിരിക്കുന്നത്. ഇനി എത്രനാള്‍ അദ്ദേഹം ജീവിച്ചിരിക്കുമെന്ന് അറിയില്ല. രാജ്യത്തിന്റെ നിലവിലെ അവസ്ഥ ഇതാണെന്നും തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങില്‍ കമാൽ പാഷ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍