തെളിവുകള്‍ നിരത്തി യുവതി; ബിനോയ് കോടിയേരിയെ തിങ്കളാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
വ്യാഴം, 27 ജൂണ്‍ 2019 (18:19 IST)
ബിഹാർ സ്വദേശി നൽകിയ പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ അറസ്റ്റ് കോടതി തിങ്കളാഴ്ച വരെ തടഞ്ഞു. ബിനോയ് സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലുള്ള തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ച സാഹചര്യത്തിലാണ് അറസ്റ്റ് കോടതി തടഞ്ഞത്. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതിയുടേതാണ് നടപടി.
യുവതിയുടെ വാദം വീണ്ടും കേൾക്കാന്‍ കോടതി സമ്മതിച്ചു. കൂടുതൽ വാദം കേൾക്കണമെന്ന യുവതിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. യുവതിക്കായി പുതിയ അഭിഭാഷകനെ വയ്ക്കാനും കോടതി അനുമതി നൽകി. പുതിയ വാദങ്ങൾ എഴുതി നൽകാനും അറിയിച്ചു. കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം യുവതിക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമാകുന്നതായും കോടതി പറഞ്ഞു.
ഇതിനിടെ, ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ യുവതി കോടതിയില്‍ സമര്‍പ്പിച്ചു. തനിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്‍റെ രേഖകളാണ് പരാതിക്കാരി കോടതിയില്‍ സമര്‍പ്പിച്ചത്. സ്വന്തം ഇമെയിൽ ഐഡിയിൽ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയത് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
യുവതിയുടെ ബിസിനസ് മെയിൽ ഐഡിയിലേക്കാണ് വിസ അയച്ചത്. വിസയ്ക്കൊപ്പം ദുബായ് സന്ദർശിക്കാൻ വിമാന ടിക്കറ്റുകളും ഇ മെയിൽ വഴി അയച്ച് നൽകിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ മുൻ മന്ത്രിയാണെന്ന വിവരം മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതി മറച്ചുവെച്ചു എന്നും യുവതി ആരോപിക്കുന്നു.