മുല്ലപ്പെരിയാര്‍: ജലനിരപ്പ് 140.2 അടി, കേരളസംഘത്തെ തമിഴ്നാട് തടഞ്ഞു
വെള്ളി, 14 നവംബര്‍ 2014 (16:12 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.2 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടില്‍ പരിശോധന നടത്താന്‍ വന്ന കേരളസംഘത്തെ തമിഴ്നാട് തടഞ്ഞു.
കേരളത്തിന്റെ ചീഫ് എന്‍ജിനീയര്‍ ലതികയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തെയാണ് തമിഴ്നാട് ഉദ്യോഗസ്ഥര്‍ അണക്കെട്ടിലേക്ക് പ്രവേശിപ്പിക്കാന്‍ സമ്മതിക്കാതെ തടഞ്ഞത്. ഗാലറിയില്‍ പരിശോധന നടത്താന്‍ കേരള സംഘം മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞാണ് കേരളസംഘത്തെ തമിഴ്നാട് തടഞ്ഞത്.
അതേസമയം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 142അടിയായാല്‍ മാത്രം ഷട്ടറുകള്‍ തുറക്കാമെന്ന് തമിഴ്‌നാട് വ്യക്തമാക്കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താനാണ് തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം. സെക്കന്‍ഡില്‍ 1,358 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ സെക്കന്‍ഡില്‍ 456 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
എന്നാല്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നില്ല. ഈ സാഹചര്യത്തില്‍ കേരളം മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. അണക്കെട്ടിന് സമീപത്ത് താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനും തുടങ്ങിയിട്ടുണ്ട്.