മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138അടിയില്‍; ഭീതിയോടെ കേരളം

ചൊവ്വ, 4 നവം‌ബര്‍ 2014 (11:40 IST)
മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലെത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി വൃഷ്ടി പ്രദേശത്ത് തുടരുന്ന കനത്ത മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവില്‍ വന്‍ കുറവ് നേരിട്ടതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടിവരുകയാണ്.

ജലനിരപ്പ് 136 അടിയാക്കി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഇന്നലെ തള്ളിയിരുന്നു. അതേസമയം ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി പിജെ ജോസഫ് വ്യക്തമാക്കി.
മഴ കനത്തതോടെ ജലനിരപ്പ് 138 അടിയിലെത്തിയ സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. ജലനിരപ്പ് 140 അടിയായാല്‍ മാത്രമെ ഷട്ടറുകള്‍ തുറക്കേണ്ടതുള്ളുവെന്ന തമിഴ്നാടിന്റെ നിലപാടിനോട് മേല്‍നോട്ടസമിതി ചെയര്‍മാന്‍ എല്‍ എവി നാഥന്‍ അനുകൂലിക്കുകയായിരുന്നു.

ഷട്ടറുകള്‍ തുറക്കാന്‍ ജലനിരപ്പ് 140 അടിയായി ഉയരുന്നതുവരെ കാത്തിരിക്കരുതെന്ന് കേന്ദ്ര ജലകമ്മിഷന്‍ ഹൈഡ്രോളജിക്കല്‍ സ്പെഷല്‍ ഡിവിഷന്‍ നല്‍കിയ നിര്‍ദേശവും തള്ളിക്കൊണ്ടായിരുന്നു എല്‍ എവി നാഥന്റെ ഈ നിലപാട്. ഷട്ടറുകള്‍ തകരാറിലാണെന്ന് കേരളത്തിന്റെ വാദവും മേല്‍നോട്ടസമിതി തള്ളി. സര്‍ക്കാരുമായി കൂടിയാലോചിച്ച് ആവശ്യമായ കാര്യങ്ങള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ വിജെ കുര്യന്‍ വ്യക്തമാക്കി.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക