നാദാപുരം കൊലപാതകം: ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; പ്രത്യേക സംഘം അന്വേഷിക്കും

ശനി, 13 ഓഗസ്റ്റ് 2016 (11:02 IST)
നാദാപുരത്തെ ലീഗ് പ്രവര്‍ത്തകൻ മുഹമ്മദ് അസ്‌ലമിന്റെ കൊലപാതകം നിര്‍ഭാഗ്യകരമെന്നു മുഖ്യമന്ത്രി. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു. കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
വടകര റൂറല്‍ എഎസ്‌പി കറുപ്പു സ്വാമിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റിയാടി സിഐ ഉൾപ്പെടെ എട്ടുപേരാണ് അന്വേഷണ സംഘത്തിലുള്ളത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ജില്ലാഭരണകൂടം കൃത്യമായി ഇടപെടുന്നുണ്ട്. ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ടുപോകും. പിണറായി വ്യക്തമാക്കി.
 
നാദാപുരം തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട ലീഗ് പ്രവർത്തകന്‍ മുഹമ്മദ് അസ്ലാമാണ് വെട്ടേറ്റു മരിച്ചത്. ഇന്നലെ വൈകിട്ടാണ് അസ്ലാമിന് വെട്ടേറ്റത്. കക്കംവെള്ളിയില്‍ വെച്ച് ബൈക്കില്‍ പോവുകയായിരുന്ന അസ്ലമിനെ പുറകേയെത്തിയ സംഘമാണ് വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ അസ്ലാമിനെ കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടുന്നായിരുന്നു മരണം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക