പാഠപുസ്തക അച്ചടി; സര്‍ക്കാരിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി
ബുധന്‍, 17 ജൂണ്‍ 2015 (14:05 IST)
പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്‌ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ സാഹചര്യത്തില്‍ പാഠപുസ്തക അച്ചടി റീടെണ്ടർ ചെയ്യാൻ തീരുമാനിച്ചു. സ്വകാര്യ പ്രസുകളിൽ നിന്നു യോഗ്യതയുള്ള ഒരു ടെൻഡർ മാത്രം ലഭിച്ച സാഹചര്യത്തിലാണു മന്ത്രിസഭായോഗം പുതിയ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്‌ച സംഭവിച്ചു എന്ന കാര്യം വ്യക്തമാണ്. സ്‌കൂള്‍ തുറന്ന് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും 80ശതമാനം പുസ്‌തകങ്ങള്‍ മാത്രമാണ് വിതരണം ചെയ്യാന്‍ സാധിച്ചത്. 20 ശതമാനം പുസ്‌തകങ്ങള്‍ വിതരണം ചെയ്യാനുണ്ട്. പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടായതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
മൂന്നു പ്രസുകളായിരുന്നു ടെന്‍ഡറില്‍ പങ്കെടുത്തത്. എന്നാല്‍, പണം കെട്ടിവയ്ക്കാത്തതുമൂലം രണ്ടു പേര്‍ അയോഗ്യരായി. അതിനാല്‍ ഒറ്റക്കമ്പനി മാത്രമായ സാഹചര്യത്തിലായിരുന്നു തീരുമാനം മന്ത്രിസഭയ്ക്ക് മുന്നില്‍വന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പിനിടെ മരിച്ച സിഐഎസ്എഫ് ജവാന്‍ സുരേഷ് സിംഗ് യാദവിന്റെ കുടുംബത്തിനു സംസ്ഥാന സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ സഹായധനം നല്‍കാനു മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡില്‍ ലോ ഫ്ളോര്‍ വോള്‍വോ ബസിടിച്ചു മരിച്ച രണ്ട് അന്ധക്രിക്കറ്റ് താരങ്ങളുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ വീതം നല്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും തെരുവുനായകള്‍ ജനങ്ങളെ ആക്രമിച്ച സാഹചര്യത്തില്‍ ഇവയെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കായി സര്‍ക്കാര്‍ 27 കോടി രൂപ വകയിരുത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
അതേസമയം, പാഠപുസ്തകം വിതരണം വൈകുന്നതു സംബന്ധിച്ച് അന്വേഷണത്തിനു ലോകായുക്ത ഉത്തരവിട്ടു. സ്വകാര്യ വ്യക്തി നല്കിയ പരാതി പരിഗണിച്ചാണു ലോകായുക്തയുടെ ഉത്തരവ്. ഓഗസ്റ് 31നു മുന്‍പ് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന്‍ എഡിജിപി ബി.സന്ധ്യയ്ക്കാണു ലോകായുക്ത നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.