മലയാളി കഴിക്കുന്നത് ഒരു ഗുണവുമില്ലാത്ത മരുന്നുകള്‍!
ചൊവ്വ, 18 നവംബര്‍ 2014 (13:33 IST)
കേരളത്തിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ ഷോപ്പുകളിലും വിറ്റഴികുന്നമരുന്നുകളില്‍ ഭൂരുഭാഗവും ഗുണനിലവാര പരിശോധനകള്‍ കൃത്യമായി നടക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പു തന്നെ മരുന്നുകള്‍ പൊതുവിപണിയില്‍ വിറ്റഴീക്കുന്നതായും വിവരങ്ങളുണ്ട്. നിലവില്‍ 65000 ബ്രാന്‍ഡുകളിലായി 2,64000 ബാച്ച് മരുന്നുകള്‍ കേരളത്തില്‍ ഒരു വര്‍ഷം വിറ്റഴിക്കപ്പെടുന്നുണ്ട് . ഇതില്‍ പരിശോധിക്കപ്പെടുന്നത് അയ്യായിരത്തില്‍ താഴെ ബാച്ചുകള്‍ മാത്രമാണ്.
ആവശ്യത്തിന് ലാബുകളൊ സംവിധാനങ്ങളൊ പരിശീലനം സിദ്ധിച്ച ടെക്നീഷ്യന്മാരോ കേരളത്തില്‍ ഇല്ലാത്തതാണ് ഈ ഗുരുതരമായ സ്ഥിതിവിശേഷത്തിനു കാരണം. 2,64000 ബാച്ച് മരുന്നുകള്‍ വിറ്റഴിക്കപ്പെടുന്നവയില്‍ പ്രമേഹ രോഗികള്‍ സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന ഇന്‍സുലിന്‍, രോഗ പ്രതിരോധത്തിനായി കുത്തിവയ്ക്കപ്പെടുന്ന വാക്സിനുകള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ കേരളത്തില്‍ നിലവില്‍ സംവിധാനങ്ങളേയില്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ച കഴിഞ്ഞിട്ടുണ്ട്. പല ജീവന്‍ രക്ഷാ മരുന്നുകളും ഉപയൊഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തന്നെ സമ്മതിക്കുന്നു. മരുന്നുകളേക്കുറിച്ച് പരാതി ഉയരുമ്പോള്‍ പരിശോധന നടത്തിക്കഴിയുന്നതിനു മുമ്പെ മരുന്നുകള്‍ വിപണിയില്‍ നിന്ന് വിറ്റഴിഞ്ഞിട്ടുണ്ടാകും.
കമ്പനികള്‍ ഗുണനിലവാരമില്ലാത്ത മരുന്ന് വിപണിയിലിറക്കില്ലെന്ന വിശദീകരണമാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ വകുപ്പ് നല്‍കുന്നത്. അതേ സമയം കമ്പനികള്‍ കൊണ്ടുവരുന്ന ലാബ് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ മാനദണ്ഡമെന്നത് ആരും ശ്രദ്ധിക്കുന്നതുമില്ല. ഇത്തരം സ്ഥിതിവിശേഷം തുടര്‍ന്നാല്‍ കേരളത്തില്‍ വ്യാജ മരുന്നുകള്‍ പ്രചരിക്കാന്‍ ഇടയുണ്ടെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.