മാവോയിസ്റ്റ് ബന്ധം; നദീറിനെ പൊലീസ് വിട്ടയച്ചു, അറസ്റ്റ് നടപടികൾ നിർത്തിവെയ്ക്കാൻ കണ്ണൂർ എസ് പിയുടെ നിർദേശം

ചൊവ്വ, 20 ഡിസം‌ബര്‍ 2016 (12:00 IST)
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആറളം പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കോഴിക്കോട് എകരൂൽ ഉണ്ണികുളം കേളോത്തുപറമ്പിൽ നദീറിനെ (27) പൊലീസ് വിട്ടയച്ചു. അറസ്റ്റ് നടപടികൾ നിർത്തിവെയ്ക്കാൻ കണ്ണൂർ എസ് പിയുടെ നിർദേശം പൊലീസിന് ലഭിച്ചു. യുവാവിനെതിരെ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണിത്. രാജ്യദ്രോഹക്കുറ്റം ചുമത്തി ഇന്നലെയാണ് നദീറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രിയോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 
 
ആറളത്തെ കോളനികളില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്ത സംഘത്തില്‍ നദീര്‍ ഉണ്ടെന്നാണ് പൊലീസ് ഇന്നലെ പറഞ്ഞത്. ആറളം ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം നദീറും എത്തിയെന്ന് തെളിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. നദീറിന്റെ അറസ്റ്റിനെതിരെ കോഴിക്കോട് കിഡ്‌സണ്‍കോണറിലും കൊച്ചിയിലും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് നദീറിനെ വെറുതെ വിട്ടത്. മാ
 
വോവാദികള്‍ക്കെതിരെ എപ്പോഴും നിലപാടെടുത്തിരുന്ന നദീറിനെ പോലുള്ളയാളെ മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തതില്‍ അമ്പരന്നിരിക്കുകയാണ് തങ്ങളെന്ന് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഷഫീഖ് ഇന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഇത്തരം നടപടിക്കെതിരെ വരുംദിവസങ്ങളില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. സംഭവം വഷളായതോടെയാണ് പൊലീസ് ഇയാളെ വിട്ടയച്ചത്.
 
ആറളം കോളനിയിൽ സായുധരായ ഏഴു മാവോയിസ്റ്റുകൾ ‘കാട്ടുതീ’ എന്ന ലഘുലേഖ വിതരണം ചെയ്തതിനു നേരത്തേ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ നാലു പേരെ തിരിച്ചറിയുകയും ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എഴുത്തുകാരനും നാടക കലാകാരനുമായ കമൽ സി ചവറയെ കാണാനെത്തിയപ്പോഴാണ് നദീറിനെ കസ്റ്റഡിയിലെടുത്തത്. 
 
 

വെബ്ദുനിയ വായിക്കുക