വഞ്ചിച്ച മലയാളി യുവാവില്‍ നിന്നും നഷ്‌ടപരിഹാരം വാങ്ങി പാകിസ്ഥാന്‍‌കാരി മടങ്ങുന്നു; ഇത് മറിയം ഖാലിക് എന്ന പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥ

വെള്ളി, 27 ജനുവരി 2017 (19:04 IST)
തൃശൂര്‍ സ്വദേശിയായ മലയാളി യുവാവിന്റെ വിവാഹതട്ടിപ്പിനിരയായ പാക് വംശജയായ യുവതി വിവാഹബന്ധം വേര്‍പേടുത്തി ജീവനാംശവും വാങ്ങി പൊകാനൊരുങ്ങുന്നു. ബ്രിട്ടനില്‍ നിന്നും നാട്ടിലെത്തിയ പാക് വംശജയായ മറിയം ഖാലികാണ് നിയമപോരാട്ടത്തിനൊടുവില്‍ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്.

തൃശൂര്‍ ചാവക്കാട് സ്വദേശിയായ നൗഷാദ് ഹുസൈന്‍ പാക് വംശജയായ ബ്രിട്ടീഷ് യുവതിയെ വിവാഹം കഴിച്ച ശേഷം നാടുവിട്ടത്. 2013 ഏപ്രില്‍ മാസം സ്‌കോട്‌ലാന്‍ഡിലെ ഡണ്ടിയില്‍ വെച്ചായിരുന്നു നൗഷാദ് മറിയത്തെ വിവാഹം ചെയ്യുന്നത്. ഒരു വര്‍ഷത്തിന് ശേഷം വീട്ടുകാരുടെ സമ്മദം വാങ്ങാനെന്ന പേരില്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയ യുവാവ് പിന്നെ തിരികെ വന്നില്ലെന്നാണ് യുവതിയുടെ പരാതി.

നൗഷാദിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനാല്‍ മറിയം നേരിട്ട് കേരളത്തിലെത്തുകയായിരുന്നു. വിവാഹഫോട്ടോ മാത്രം കൈവശമുണ്ടായിരുന്ന മറിയത്തിന്റെ പക്കല്‍ നൗഷാദിന്റെ മേല്‍‌വിലാസമോ ശരിയായ ഫോണ്‍ നമ്പരോ ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ നൗഷാദിനെ കണ്ടെത്താന്‍ സഹായിച്ചത് മലപ്പുറത്തെ സ്‌നേഹിത എന്ന കുടുംബശ്രീ സംഘമായിരുന്നു.

നാട്ടിലെത്തി മറ്റൊരു വിവാഹം കഴിക്കാന്‍ തയാറെടുത്തിരുന്ന നൗഷാദിനെതിരെ മറിയം കുന്നംകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. യുവതിയുടെ പരാതി സ്വീകരിച്ച കോടതി നൗഷാദിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുകയും  പൊലീസ് സംരക്ഷണം നല്‍കാനും നിര്‍ദേശിച്ചു.

ലണ്ടനില്‍ നിന്നും വിവാഹമോചനം നേടിയ കരാറുമായി കേരളത്തിലെത്തിയ മറിയത്തിന് ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടു. യുകെയിലെ ജീവിത രീതിക്ക് അനുപാതമായ തരത്തില്‍ ഒറ്റ തവണ ജീവനാംശം നല്‍കണമെന്ന മറിയത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

തന്റെ പോരാട്ടം പണത്തിനു വേണ്ടിയല്ലന്നും, തന്റെ ജീവിതം വച്ച് കളിച്ച നൗഷാദിനെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും പറഞ്ഞ മറിയം ഇത്തരത്തിലുള്ള വഞ്ചനക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് ഒരു സന്ദേശം നല്‍കുക കൂടിയാണ് ഉദ്ദേശിച്ചതെന്നും പറയുന്നു.

മാസങ്ങളായി ചുമന്നിരുന്ന ഭാണ്ഡക്കെട്ടുകള്‍ മുഴുവന്‍ താഴ്ത്തി വെച്ചതില്‍ ആശ്വാസമുണ്ടെന്നും നാട്ടിലെത്തി ജീവിതം ഒന്നുതൊട്ടു വീണ്ടും ആരംഭിക്കണമെന്നും യുവതി പറയുന്നു. രണ്ടാഴ്‌ച ഇന്ത്യയില്‍ വിനോദയാത്ര നടത്തിയ ശേഷം മറിയം നാട്ടിലേക്ക് മടങ്ങും.

വെബ്ദുനിയ വായിക്കുക