മരട്; വീടില്ലാതെ ആരും തെരുവിലിറങ്ങേണ്ടി വരില്ല, എല്ലാ സൌകര്യങ്ങളും നൽകുമെന്ന് ജില്ലാഭരണകൂടം

എസ് ഹർഷ

വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (12:28 IST)
മരട് ഫ്ലാറ്റ് എത്രയും പെട്ടന്ന് പൊളിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ന്സർക്കാർ നടപടി ആരംഭിച്ചതോടെ വീടൊഴിയേണ്ടി വരുന്ന കുടുംബങ്ങൾക്ക് മരട് നഗരസഭയുമായി സഹകരിച്ച് ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 
 
ആരും ഭവനരഹിതരായി തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകില്ല. ഫ്ളാറ്റുകളില്‍നിന്ന് ഒഴിയുന്നവരില്‍ പുനരധിവാസം ആവശ്യമുള്ളവര്‍ നഗരസഭാ സെക്രട്ടറിക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകിയാൽ ഉടൻ അക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. 
 
ഉടമകളെ ഒഴിപ്പിക്കുന്നതിനുള്ള ആദ്യ പടിയായി മരട് ഫ്ളാറ്റിലെ വൈദ്യുതി ബന്ധവും വെള്ളവും നിർത്തിവെച്ചിരുന്നു. പുലര്‍ച്ചെ അഞ്ചു മണിയോടെ കെ.എസ്.ഇ.ബി അധികൃതര്‍ മരടിലെ നാല് ഫ്ളാറ്റുകളിലെയും വൈദ്യുതി വിച്ഛേദിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി ഉടമകള്‍ രംഗത്തെത്തി. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ.
 
തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വൈദ്യുതിയും വെള്ളവും നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഫ്ളാറ്റ് ഉടമകള്‍ പറയുന്നു. ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി വൈദ്യുതി , ജലവിതരണം തുടങ്ങിയവ നിർത്തലാക്കാൻ വൈദ്യുതി വകുപ്പും ജലസേചന വകുപ്പും ഇന്നലെ ഫ്ളാറ്റുകളിലെത്തി നോട്ടീസ് പതിച്ചിരുന്നു. 
 
പാചകവാതക കണക്ഷനുകൾ വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടികളും ഇന്ന് ഉണ്ടാകും. അതേസമയം, എന്തൊക്കെ ചെയ്താലും ഫ്ളാറ്റുകളിൽ നിന്ന് മാറില്ലെന്ന നിലപാടിലുറച്ച് തന്നെയാണ് ഉടമകളും. ഫ്ളാറ്റ് പൊളിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പൊളിച്ചില്ലെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 
 
മൂന്ന് മാസത്തിനകം ഫ്ളാറ്റ് പൊളിച്ച് നീക്കുമെന്ന് സൂപ്രീംകോടതിയെ അറിയിക്കാനാണ് തീരുമാനം. ഇതിനായുള്ള ആക്ഷന്‍പ്ലാന്‍ ടോംജോസ് മന്ത്രിസഭ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍