മണിപ്പൂര്‍ സംഭവം: മനഃസമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ജൂലൈ 2023 (13:48 IST)
മനഃസമാധാനത്തോടെ ജീവിച്ച് വളരാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു. തൈക്കാട് ഗവണ്‍മെന്റ് എല്‍ പി എസ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയും മണിപ്പൂര്‍ സ്വദേശിനിയുമായ ജേ ജെമ്മിനെ ക്ലാസില്‍ സന്ദര്‍ശിച്ച ശേഷം  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
 
മണിപ്പൂരിലെ പ്രശ്ന ബാധിത  പ്രദേശത്ത് നിന്നും ബന്ധുക്കളുടെ സഹായത്തോടെയാണ് വിദ്യാര്‍ഥിനി കേരളത്തിലെത്തിയത്. ടി സി  ഉള്‍പ്പെടെ ഔദ്യോഗിക രേഖകളുടെ അഭാവത്തിലും  വിദ്യാര്‍ഥിനിയെ പ്രവേശിപ്പിക്കാനുള്ള അനുമതി നല്‍കി. യൂണിഫോം അടക്കമുള്ള സൗകര്യങ്ങള്‍ നിലവില്‍ ലഭ്യമാക്കിയിട്ടുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് മണിപ്പൂരില്‍ നിന്നുണ്ടാകുന്നത്.
 
വിദ്യാര്‍ഥിനിയുടെ അമ്മയും അച്ഛനുമടക്കം സ്വന്തം ഗ്രാമത്തില്‍ നിന്ന് പാലായനം ചെയ്യേണ്ടി വന്നു. നിലവില്‍ അവര്‍ അഭയാര്‍ഥി ക്യാമ്പുകളിലാണ് താമസിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ മകളായി ജേ ജെം വളരും. എല്ലാ പിന്‍തുണയും സര്‍ക്കാര്‍ നല്‍കും. സംഘര്‍ഷത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍