മാണിയെ പിന്തുണയ്ക്കണോ? നിര്‍ണായക യു ഡി എഫ് യോഗം ഇന്ന്

വ്യാഴം, 9 ഏപ്രില്‍ 2015 (08:19 IST)
പി.സി.ജോര്‍ജ്, സരിതാ നായരുടെ കത്ത് തുടങ്ങി യു ഡി എഫ് രാഷ്ട്രീയത്തെ കലക്കി മറിച്ച സംഭവങ്ങള്‍ക്കിടെ സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ എടുക്കുന്നതിനായി യു ഡി എഫ് യോഗം ഇന്ന് നടക്കും. മുന്നണിക്കും സര്‍ക്കാരിനും വെല്ലുവിളിയായി പുതിയ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍, ഇവസംബന്ധിച്ച് വിമര്‍ശനങ്ങളും വിശദീകരണങ്ങളും യോഗത്തില്‍ ഉയരും. എന്നാല്‍ സര്‍ക്കാരിന്റെ വരുന്ന ഒരുവര്‍ഷത്തെ പ്രവര്‍ത്തന പരിപാടി തീരുമാനിക്കുകയാണ് മന്ത്രിമാര്‍ കൂടി പങ്കെടുക്കുന്ന യോഗത്തിലെ പ്രധാന അജന്‍ഡ.

അരുവിക്കരയോടെ തിരഞ്ഞെടുപ്പുകളുടെ സമയമാകുകയാണ്. അതിനുമുമ്പ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപെടുത്താനുള്ള നടപടികള്‍ക്ക് യോഗം അന്തിമ രൂപം നല്‍കും. നിലവിലെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാതെ തടയാനുള്ള തന്ത്രങ്ങള്‍ക്ക് യോഗത്തില്‍ ധാരണയാകുമെന്നാണ് അറിയുന്നത്. എന്നാല്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാലും കറവീണ ഇമേജ് എങ്ങിനെ തിരിച്ചുപിടിക്കണമെന്നറിയാതെ കുഴങ്ങുകയാണ് ഭരണ മുന്നണിയും സര്‍ക്കാരും.

സരിതയുടെ കത്ത്, പി സി ജോര്‍ജ് എന്നീ വിഷയങ്ങള്‍ കൈവിട്ട് പോയതായാണ് യു ഡി എഫ് നേതാക്കളുടെ വിലയിരുത്തല്‍. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ കെ എം മാണിയെ ഇത്രയധികം പിന്തുണയ്ക്കേണ്ടതുണ്ടോ എന്ന ചോദ്യങ്ങള്‍ യു ഡി എഫില്‍ ഉയേര്‍ന്നേക്കും. മുഖ്യമന്ത്രിയാണ് മാണിയെ സംരക്ഷിക്കുന്നതെന്ന വിമര്‍ശനം ഉള്ളതിനാല്‍ കൂടുതല്‍ ആരോപണങ്ങള്‍ യോഗത്തില്‍ ഉമ്മഞ്ചാണ്ടിക്കെതിരെ ഉണ്ടായേക്കാം.

വെബ്ദുനിയ വായിക്കുക