തന്റെ ‘ചേട്ടനാ’ണ് മമ്മൂട്ടിയെന്ന് കടന്നപ്പള്ളി; ഇത്രയും പ്രായമുള്ള ഒരു അനിയനുണ്ടായതില്‍ അതീവ സന്തോഷമെന്ന് മമ്മൂട്ടി

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (12:09 IST)
നടൻ മമ്മൂട്ടിയെ ചേട്ടനെന്നാണ് താന്‍ വിളിക്കുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. എന്നാല്‍ ഇത്രത്തോളം പ്രായമായ ഒരു അനിയന്‍ തനിക്കുണ്ടെന്നു പറയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും തന്റെ മകനേയും ചേട്ടനെന്നാണ് കടന്നപ്പള്ളി വിളിക്കുന്നതെന്നും മമ്മുട്ടി തിരിച്ചടിച്ചു. മമ്മൂട്ടിക്കു നവതി പുരസ്കാരം സമ്മാനിക്കുന്നതിനായി ശാന്തിഗിരിയിൽ നടന്ന ചടങ്ങിനിടെയായിരുന്നു രസകരമായ ഈ പ്രയോഗങ്ങള്‍.    
 
കടന്നപ്പള്ളിക്ക് ഇങ്ങനെയൊരു ചേട്ടനെ കിട്ടിയതില്‍ ഉമ്മൻ ചാണ്ടിക്കുപോലും അസൂയ തോന്നുന്നുണ്ടാകുമെന്നും മമ്മുട്ടി കൂട്ടിച്ചേര്‍ത്തു. തന്റെ വയസ്സ് പുറത്തു പറയില്ലെന്നും അഥവാ പറഞ്ഞാല്‍ തന്നെ ജനാങ്ങള്‍ അതു വിശ്വസിക്കില്ലെന്നും മമ്മുട്ടി പറഞ്ഞു. ചിങ്ങത്തിലെ വിശാഖം നാളിലാണ് താന്‍ ജനിച്ചത്. ഇനി രണ്ടുദിവസം കൂടിയുണ്ടു ജന്മദിനാഘോഷത്തിനെന്നും മമ്മൂട്ടി പറഞ്ഞു.
 
ഒരേ നാട്ടിൽ അയൽവാസികളായി അടുത്തടുത്ത ദിവസങ്ങളിലാണു കരുണാകര ഗുരുവും താനും ജനിച്ചത്. എന്നിരുന്നാലും ഗുരുവിനെ കണ്ടതായോ കേട്ടതായോ തനിക്ക് ഓർമയില്ല. പിൽക്കാലത്ത് ആത്മീയ ഗുരു ആയശേഷമായിരുന്നു അദ്ദേഹത്തിന്റെ മഹത്വം അറിയാൻ സാധിച്ചത്. ഇനിയൊരിക്കലും നവതി വരില്ലാത്തതിനാൽ ഇനി ഈ അവാർഡ് ആർക്കും അവകാശപ്പെടാൻ കഴിയില്ലെന്നും ഈ പുരസ്കാരം ഏറെ മധുരം നിറഞ്ഞതാണെന്നും മമ്മുട്ടി പറഞ്ഞു. 
 
സിനിമയിലെ കഥാപാത്രങ്ങളിൽനിന്നു വിട്ടുനില്‍ക്കുമ്പോള്‍ താൻ ഒരു സാധാരണ വ്യക്തിയാണ്. മനുഷ്യനെ സ്നേഹിക്കുക എന്നതാവണം ആത്മീയതകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈശ്വരൻ സൗഭാഗ്യങ്ങൾ വാരിക്കോരി തരുന്നുണ്ടെങ്കില്‍ സമസൃഷ്ടികളെ സഹായിക്കുന്നതിലൂടെയാകണം ഈശ്വരനെ തിരിച്ചു സ്നേഹിക്കേണ്ടത്. ഉപദേശങ്ങൾ ഏറെ നൽകിയ ഗുരുവിന്റെ ജന്മദിനാഘോഷങ്ങൾ അധ്യാപക ദിനത്തിൽ വന്നത് ഉചിതമായെന്നും മമ്മൂട്ടി വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക