മലപ്പുറം താനൂർ ടാങ്കർ അപകടം: തോട്ടിലൂടെ ഒഴുകിയ വിമാന ഇന്ധനത്തിനു തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

വ്യാഴം, 30 ജൂണ്‍ 2016 (12:43 IST)
ഇന്ന് രാവിലെ താനൂരിൽ മറിഞ്ഞ ടാങ്കറിൽനിന്ന് ചോർന്ന് തോട്ടിലൂടെ ഒഴുകിയ വിമാന ഇന്ധനത്തിനു തീപിടിച്ചു. അപകടം ഒഴിവാക്കാനായി അഗ്നിശമനസേന ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാർ അശ്രദ്ധയമായി തീ ഉപയോഗിച്ചതാണ് തീ പടർന്നു പിടിക്കാൻ കാരണമായത്. 
 
സമീപത്തെ തോട്ടിലേക്ക് കുത്തിയൊഴുകിയ ഇന്ധനം അരക്കിലോമീറ്റര്‍ ദൂരത്തുള്ള കനോലി കനാൽ വരെ എത്തി. ടാങ്കര്‍ മറിഞ്ഞതിന്റെ 400 മീറ്റർ അകലെയുള്ള വീടിനോട് ചേർന്ന് തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായി. വീടിന്റെ ഒരുഭാഗം കത്തിയമരുകയും കാറും ബൈക്കും കത്തിനശിക്കുകയും ചെയ്തു. വീടിന് തീപിടിച്ചയുടനെ വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരുക്കില്ല. തോട്ടിൻകരയിലൂടെയുള്ള വൈദ്യുതിലൈൻ ഉരുകി പൊട്ടിവീണു.
 
വിമാന ഇന്ധനവുമായി എറണാകുളത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന് ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.  20000 ലിറ്റർ ഇന്ധനമായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്.അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിസാരമായ പരുക്കേറ്റു.
 
കൂടുതൽ അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ജില്ലയിലെ അഞ്ചു സ്‌റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങളാണ് സ്‌ഥലത്തെത്തിയത്. തോട്ടിൽ വൻതോതിൽ ഇന്ധനം കെട്ടിക്കിടക്കുകയാണ്. അപകടത്തിൽപ്പെട്ട വാഹനം ഉയർത്തിയിട്ടുണ്ട്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക