ലോക്ക് ഡൌണ്‍ നീട്ടിയതോടെ തിരുവനന്തപുരത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇങ്ങനെ

എ കെ ജെ അയ്യര്‍

തിങ്കള്‍, 13 ജൂലൈ 2020 (21:01 IST)
തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെയും സെക്രട്ടേറിയറ്റിന്റേയും പ്രവർത്തനത്തിന് ക്രമീകരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവായി.
 
സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, നോർക്ക വകുപ്പുകൾക്ക് പരമാവധി 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം. ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തിന് കൂടുതൽ ജീവനക്കാർ ആവശ്യമെങ്കിൽ വകുപ്പ് സെക്രട്ടറിക്ക് ക്രമീകരണം ഏർപ്പെടുത്താം.
 
സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകളിൽ അനിവാര്യമായ പ്രവർത്തനത്തിന് ആവശ്യമുള്ള ജീവനക്കാർ മാത്രം ഹാജരാകാൻ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശിക്കാം. അവശ്യസർവീസ് വിഭാഗത്തിൽപെടാത്ത  മറ്റു ഓഫീസുകളിൽ ജോലി നിർവഹിക്കുന്നതിന് ആവശ്യമായ ജീവനക്കാരുടെ സേവനം വകുപ്പ് മേധാവിക്ക് ക്രമീകരിക്കാം. 
 
ഓഫീസുകളിൽ ഹാജരാകാത്ത ജീവനക്കാർ വർക്ക് ഫ്രം ഹോം രീതിയിൽ പ്രവർത്തിക്കണം. അവശ്യസർവീസുകൾ തടസമില്ലാതെ പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടികൾ വകുപ്പ് മേധാവികൾ സ്വീകരിക്കാനും ഉത്തരവായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍