മദ്യവില്‍പ്പന തുടങ്ങുന്നതില്‍ ആശയക്കുഴപ്പം; ഉടനില്ലെന്ന് സൂചന

ബുധന്‍, 16 ജൂണ്‍ 2021 (13:47 IST)
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ നാളെ മുതല്‍ കേരളത്തില്‍ പ്രാബല്യത്തില്‍. എന്നാല്‍, മദ്യവില്‍പ്പന തുടങ്ങുന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഓണ്‍ലൈനായി സ്ലോട്ട് ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. നേരത്തെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ബെവ് ക്യൂ സംവിധാനം വീണ്ടും നടപ്പിലാക്കാന്‍ ആലോചനയുണ്ട്. ബെവ് ക്യൂ ആപ് വീണ്ടും പ്രവര്‍ത്തന സജ്ജമാകണമെങ്കില്‍ നാലോ അഞ്ചോ ദിവസത്തെ സമയം വേണ്ടിവരും. ബെവ്‌കോ എംഡിയും ബെവ് ക്യു ആപ് പ്രതിനിധിയും ചര്‍ച്ച നടത്തി. ബെവ് ക്യൂ ആപ്പിന്റെ കാര്യത്തില്‍ എക്‌സൈസ് വകുപ്പില്‍ അന്തിമ തീരുമാനമായിട്ടില്ല. അതുകൊണ്ട് മദ്യവില്‍പ്പനശാലകള്‍ നാളെ തുറക്കില്ല. 

ബെവ് ക്യൂ ആപ് വേണ്ടെന്ന നിലപാടിലാണ് എക്‌സൈസും ബെവ്‌കോയും. പൊലീസിനെ നിയോഗിച്ച് ബിവറേജുകളിലും ബാറുകളും തിരക്ക് നിയന്ത്രിക്കുകയാണ് ഉചിതമെന്നാണ് എക്‌സൈസും ബെവ്‌കോയും പറയുന്നത്. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്.  

അതേസമയം, ജനക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും മദ്യവില്‍പ്പന നടക്കുക. ബാറുകളില്‍ ഇരുന്ന് കുടിക്കാനുള്ള സൗകര്യമുണ്ടാകില്ല. ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെയായിരിക്കും പ്രവര്‍ത്തിക്കുക. ബെവ് ക്യു ആപ് വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്ന രീതിയായിരിക്കും സ്വീകരിക്കുക. ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ മാത്രമേ മദ്യം ലഭിക്കൂ. ഒന്നാം കോവിഡ് തരംഗത്തിന്റെ സമയത്തും ഇതേ രീതിയില്‍ ഉള്ള ക്രമീകരണം ഒരുക്കിയിരുന്നു. അന്നും ബെവ് ക്യു ആപ് തന്നെയാണ് മദ്യവില്‍പ്പനയ്ക്കായി ഉപയോഗിച്ചത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍