നാദാപുരത്ത് യൂത്ത് ലീഗ് പ്രവർത്തകനായ മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. വാളയം സ്വദേശി കുട്ടു എന്ന് വിളിക്കുന്ന ബിബിനാണ് അറസ്റ്റിലായത്. കേസുമായി ഇയാൾക്ക് നേരിട്ട് ബന്ധമുള്ള കാര്യം വ്യക്തമായിരിക്കുകയാണ്. പ്രതികൾക്ക് ഇന്നോവ കാർ നൽകിയത് ഇയാളാണെന്ന് പൊലീസ് പറയുന്നു.
കൊലപാതകികള്‍ക്ക് ഇന്നോവ കാര്‍ എത്തിച്ചു നല്‍കിയ യുവാവിനെയും പ്രതികള്‍ക്കൊപ്പം മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത യുവാവിനെയും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചിരുന്നു. വിശദമായ ചോദ്യംചെയ്യലിനു ശേഷം ഇന്ന് രാവിലെയാണ് ബിബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ളയം സ്വദേശിയില്‍ നിന്ന് ആറ് ദിവസത്തേക്കാണ് ബിബിന്‍ ഇന്നോവ കാര്‍ വാങ്ങിയത്. അത് പിന്നീട് കൊലയാളി സംഘത്തിന് കൈമാറുകയായിരുന്നു.
ആഗസ്റ്റ് 11നാണ് തൂണേരി വെള്ളൂരില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാലപ്പുറം കാളിയപ്പറമ്പത്ത് അസ്ലം (22) വെട്ടേറ്റു മരിച്ചത്. ഇന്നോവ കാറിലെത്തിയ സംഘമാണ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവ കാറില്‍ പിന്നില്‍ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം സംഘം കാറില്‍ കടന്നുകളഞ്ഞു.