KSRTC: കെ.എസ്.ആര്‍.ടി.സി ബസില്‍ സംവരണ സീറ്റില്‍ നിന്ന് ഏതാനും വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് ഒരു യുവാവിനെ എഴുന്നേല്‍പ്പിക്കാന്‍ നോക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഈ യുവാവ് വിദ്യാര്‍ഥിനികളോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ബസ് ഓടിത്തുടങ്ങുന്നതിനു മുന്‍പ് ആണെങ്കില്‍ മാത്രമേ അങ്ങനെ എഴുന്നേറ്റു തരേണ്ട ആവശ്യമുള്ളൂ എന്നാണ് വീഡിയോയില്‍ യുവാവ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ യഥാര്‍ഥമല്ല !
സാമൂഹിക അവബോധം നല്‍കുന്നതിന്റെ ഭാഗമായി ഏതാനും പേര്‍ ചേര്‍ന്ന് ചെയ്ത വീഡിയോയാണ് ഇത്. കെ.എസ്.ആര്‍.ടി.സി ബസിലെ സംവരണത്തെ കുറിച്ച് ബോധ്യപ്പെടുത്താനാണ് ഇവര്‍ ഈ വീഡിയോ ചെയ്തത്. എന്നാല്‍ അതിലെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 'നാടന്‍ ക്യാംപ്' എന്ന പ്രസിദ്ധമായ ക്യാംപില്‍ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന യുവതി യുവാക്കളാണ് ഇങ്ങനെയൊരു വീഡിയോ ആശയം നടപ്പിലാക്കിയത്. ക്യാംപിന്റെ വയനാട് ഇവന്റ് ആയിരുന്നു ഫെബ്രുവരി 10, 11 ദിവസങ്ങളില്‍ നടന്നത്. ഈ ക്യാംപില്‍ പങ്കെടുത്ത് തിരിച്ചുവരുന്നതിനിടെയാണ് സാമൂഹിക അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലെ സീറ്റ് സംവരണത്തെ കുറിച്ച് വീഡിയോ ചെയ്തത്.
വീഡിയോ ചെയ്തവരില്‍ ഒരാളായ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഇതിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയിട്ടുണ്ട്. വീഡിയോ പ്രചരിച്ചതിനു പിന്നാലെ തന്റെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നേരെ അസഭ്യ വര്‍ഷവും വിമര്‍ശനങ്ങളും വരുന്നുണ്ടെന്നും ആ വീഡിയോ യഥാര്‍ഥമല്ലെന്നും സല്‍മാന്‍ പറയുന്നു. ഒരു യുട്യൂബന്‍ കൂടിയാണ് സല്‍മാന്‍.
ബസുകളിലെ സംവരണ സീറ്റില്‍ നിയമം ലംഘിച്ചാല്‍ ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റില്‍ നിന്ന് മാറാന്‍ തയ്യാറാകാതെ തര്‍ക്കിച്ചാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു ക്രിമിനല്‍ നടപടി പ്രകാരം പൊലീസിനു അയാളെ അറസ്റ്റ് ചെയ്യാം. ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ എഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. അത് പൂര്‍ണമായും തെറ്റാണ്. ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ മാത്രമേ പുരുഷന്‍മാര്‍ക്ക് ഇരിക്കാന്‍ സാധിക്കൂ. സ്ത്രീകള്‍ കയറുമ്പോള്‍ അവരുടെ സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാര്‍ എഴുന്നേറ്റു കൊടുക്കണം.