അപകടങ്ങള്‍ക്ക് കാരണം പ്രേതബാധ; കാസർകോഡ് ബസ് ഡിപ്പോയിൽ ബാധയൊഴുപ്പിക്കൽ പൂജ

ബുധന്‍, 25 നവം‌ബര്‍ 2015 (12:31 IST)
കെഎസ്ആർടിസി ബസുകൾ തുടര്‍ച്ചയായി അപകടത്തിൽ പെടുന്നതിന് കാരണം ഡിപ്പോയിലെ  പ്രേതബാധയാണെന്ന് ചൂണ്ടിക്കാട്ടി കാസർകോഡ് ഡിപ്പോയിൽ നടന്ന ബാധയൊഴുപ്പിക്കൽ പൂജ വിവാദത്തിന് തിരികൊളുത്തി. കഴിഞ്ഞ മാസം 22 ന് അര്‍ധ രാത്രിയായിരുന്നുപുജ നടന്നത്.

ഡിപ്പോയിലെ ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പെടുന്നത് പ്രേതബാധ മൂലമാണെന്ന് ജോത്സ്യന്‍ ഉപദേശം നല്‍കിയതോടെ ജീവനക്കാര്‍ പണപ്പിരിവ് നടത്തി കഴിഞ്ഞ മാസം 22ന് അര്‍ധരാത്രിയില്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്ന പ്രേത പൂജ നടത്തിയത്. പ്രേതത്തെ ആവാഹിച്ച് നശിപ്പിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്ന് ജോത്സ്യന്‍ ഡിപ്പോ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും ജീവനക്കാരും ചേര്‍ന്ന് 20000 രൂപ പിരിവെടുത്ത് കേരള-കര്‍ണാടക അതിര്‍ത്തിയിലെ ജോത്സ്യനെ ഡിപ്പോയിലെത്തിച്ചു പൂജ നടത്തുകയായിരുന്നു.

പൂജയില്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും ഡിപ്പോയിരിക്കുന്ന സ്ഥലത്തിന്റെ മുന്‍ ഉടമയും പങ്കെടുത്തു. ഡിപ്പോയുടെ നിയന്ത്രണം കയ്യാളുന്ന വ്യക്തി പൂജയില്‍ എത്തണമെന്ന ജോത്സ്യന്റെ നിര്‍ദേശം ഉള്ളതിനാല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പൂജാ സമയം സമീപത്ത് തന്നെയുണ്ടായിരുന്നു. ജീവനക്കാർ അടക്കമുള്ളവരും പൂജയിൽ പങ്കെടുത്തു. അതേസമയം, ബാധ ഒഴിപ്പിക്കാനല്ല പൂജ നടത്തിയതെന്ന് ഡിടിഒ പറഞ്ഞു. ആയുധപൂജയുടെ ഭാഗമായുള്ള പൂജയാണ് നടന്നതെന്നും ഡിടിഒ വ്യക്തമാക്കി.  ജീവനക്കാരുടെ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പൂജയുടെ ദൃശ്യങ്ങള്‍ പുറത്തുവരാന്‍ കാരണമെന്നും ആരോപണമുണ്ട്.

വെബ്ദുനിയ വായിക്കുക