കൃഷ്ണപിള്ള സ്മാരകം: ആക്രമണത്തിന് കാരണം സിപിഎം വിഭാഗീയത; പ്രതിചേര്‍ക്കപ്പെട്ടവര്‍ തന്നെ പ്രതികള്‍- ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

വെള്ളി, 29 ഏപ്രില്‍ 2016 (10:39 IST)
സിപിഎമ്മിലെ വിഭാഗീയതയാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ക്കലിനു പിന്നിലെന്ന് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പേരെ തന്നെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ച വൈകിട്ട് കുറ്റപത്രം സമര്‍പ്പിച്ചത്.

വിഎസിന്റെ മുന്‍ പേഴ്സണല്‍ സ്റാഫ് അംഗം ലതീഷ് പി ചന്ദ്രന്‍, കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി സാബു, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണു കേസിലെ പ്രതികള്‍.

2013 നവംബർ ഒന്നിനായിരുന്നു സംഭവം. കഞ്ഞിക്കുഴിയിലെ സിപിഎം വിഭാഗീയതയത്തുടർന്ന് പ്രതികൾ തീവയ്പ് നടത്തിയതിനുശേഷം കൃഷ്ണപിള്ള പ്രതിമ തകർത്തുവെന്നാണ് കേസ്. വിമതനീക്കം നടന്ന കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയിലെ തർക്കങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച എതിർപ്പുമാണ് സംഭവത്തിന് പിന്നിലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

വെബ്ദുനിയ വായിക്കുക