കോഴിക്കോട്: വിദേശത്തു നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ വിമാനങ്ങളിൽ നിന്ന് അനധികൃതമായി ഒളിച്ചു കടത്താൻ ശ്രമിച്ച 5.26 കോടിയുടെ സ്വർണ്ണം പിടികൂടി. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നാണ് ഇത് പിടിച്ചത്.
ഇതിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും കസ്റ്റംസും ചേർന്നാണ് ഇത്രയധികം കോടിയുടെ കള്ളക്കടത്തു പിടികൂടിയത്. ഡി.ആർ.ഐ മാത്രം വിദേശത്തു നിന്ന് വന്ന വിമാനങ്ങളുടെ ശൗചാലയത്തിൽ നിന്ന് 4.84 കോടിയുടെ സ്വർണ്ണമാണ് പിടിച്ചത്. ഇൻഡിഗോ എയറിന്റെ ശൗചാലയത്തിൽ ഒളിപ്പിച്ച നാല് കിലോ സ്വര്ണക്കട്ടികളും ഇരുനൂറു ഗ്രാം വീതം തൂക്കമുള്ള സ്വർണ്ണ പ്ളേറ്റുകളുമാണ് കണ്ടെത്തിയത്.
അബുദാബിയിൽ നിന്ന് വന്ന തിരൂരങ്ങാടി സ്വദേശിയിൽ നിന്നും ഗുളിക രൂപത്തിൽ കൊണ്ടുവന്ന 1281 ഗ്രാം സ്വർണ്ണമാണ് പിടിച്ചത്. ഇതിനൊപ്പം 1.43 കോടിയുടെ സ്വർണ്ണവും 60 ലക്ഷത്തിന്റെ വിദേശ സിഗരറ്റും കസ്റ്റംസും പിടികൂടി. റാസൽഖൈമയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സിഗരറ്റ് പിടിച്ചത്. അടുത്തിടെ നടന്ന ഏറ്റവും വലിയ സ്വർണ്ണവേട്ടയാണിത് എന്നാണ് അധികാരികൾ പറയുന്നത്. ദുബായിൽ നിന്നെത്തിയ താമരശേരി സ്വദേശിയിൽ നിന്നാണ് ഒരു കിലോയിലേറെ വരുന്ന സ്വർണ്ണ മിശ്രിതം പിടിച്ചത്.