പ്രവാചക വൈദ്യമെന്ന പേരില്‍ നടത്തുന്നത് പീഡനം: വ്യാജ ഡോക്ടര്‍ക്കെതിരെ മുന്‍ ജീവനക്കാരന്റെ മൊഴി

ചൊവ്വ, 29 മാര്‍ച്ച് 2016 (10:02 IST)
പ്രവാചക വൈദ്യമെന്ന പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ഡോക്ടര്‍ ഷാഫി സുഹൂരി കൂടുതല്‍ യുവതികളെ പീഡനത്തിനിരയാക്കിയതായി സുഹൂരിയുടെ മുന്‍ മാനേജര്‍ ടി കെ ജംഷീര്‍. ഇയാള്‍ക്ക് പൊലീസ് സംരക്ഷണമുണ്ടെന്നും ജംഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഷാഫിയുടെ ചികിത്സക്ക് വിധേയമായി രോഗം ഗുരുതരമായവരും പരാതയുമായി രംഗത്തെത്തിയിട്ടുണ്ട്. ചെറിയ പെണ്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ നിരവധി പേര്‍ ഇങ്ങനെ വഞ്ചിതരായിട്ടുണ്ട്. പുറത്തറിഞ്ഞാല്‍ കുടുംബത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളോര്‍ത്ത് പലരും സംഭവം മൂടിവയ്ക്കുകയായിരുന്നുയെന്നും ജംഷീര്‍ പറഞ്ഞു. ഇയാളുടെ ഏജന്റുമാരായി ചില സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജംഷീര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി ചികിത്സക്കെത്തുന്ന നിരവധി സ്ത്രീകളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ജംഷീര്‍ പറഞ്ഞു.

ഇപ്പോള്‍ മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വെള്ളയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറത്തു നിന്നും മുന്‍പ് ചികിത്സക്കെത്തിയ മറ്റൊരു യുവതി മുഖേനയാണ് പരാതിക്കാരി ചികിത്സക്കെത്തിയത്. കുറ്റിക്കാട്ടൂരിലെ ഇയാളുടെ മറ്റൊരു കേന്ദ്രത്തില്‍ ഈ യുവതിക്ക് ജോലിയും നല്‍കി. പിന്നീടാണ് ശാരീരികമായ ചൂഷണം ആരംഭിച്ചത്. പീഡനം സഹിക്കവയ്യാതെ യുവതി ജോലി ഉപേക്ഷിക്കുകയും തുടര്‍ന്ന് വെള്ളയില്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് അറസ്റ്റു ചെയ്ത ഷാഫി ഇപ്പോള്‍ റിമാന്റിലാണ്.

വെബ്ദുനിയ വായിക്കുക