കോഴിക്കോടിന് ആശ്വാസം: മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു

ശ്രീനു എസ്

തിങ്കള്‍, 10 മെയ് 2021 (12:52 IST)
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. ഓക്‌സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.കെ. സ്റ്റീല്‍ കോംപ്ലക്‌സില്‍ നിന്നുള്ള 13 കിലോലിറ്റര്‍ ശേഷിയുള്ള പ്ലാന്റ് മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചത്. ദുരന്തനിവാരണനിയമപ്രകാരമുള്ള കളക്ടറുടെ ഉത്തരവിന്‍മേലാണ് നടപടി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ആണ് പ്ലാന്റ് മാറ്റി സ്ഥാപിച്ചത്.
 
സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് രോഗികള്‍ ഉള്ള ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്. രോഗം ഗുരുതരാവസ്ഥയില്‍ എത്തിയവരില്‍ ഏറിയപങ്കും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആണ് ചികിത്സ തേടുന്നത്. ഇവരുടെ ആവശ്യത്തിന് വേണ്ട മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൗകര്യം പര്യാപ്തമാകാത്തതിനെ തുടര്‍ന്നാണ് മെയ് ഒന്നിന് കളക്ടര്‍ അടിയന്തരമായി ഉത്തരവ് പുറപ്പെടുവിക്കുന്നത്. 
 
ഇതേ തുടര്‍ന്ന്, വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മെയ് ദിനത്തിലെ അവധി വേണ്ടെന്ന് വെച്ച്  ഉരാളുങ്കല്‍ സൊസൈറ്റിയിലെ തൊഴിലാളികള്‍ പ്ലാന്റ് മാറ്റിവയ്ക്കുന്ന പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. സൊസൈറ്റിയുടെ പൊതുനന്മാപ്രവര്‍ത്തനമെന്ന നിലയില്‍ സൗജന്യമായാണ് ഒന്‍പതു ദിവസമായി ഈ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍