മാധ്യമ പ്രവര്‍ത്തകന്‍ ബാബു ഭരദ്വാജ് അന്തരിച്ചു

വ്യാഴം, 31 മാര്‍ച്ച് 2016 (08:37 IST)
പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച.

എം ആര്‍ വിജയരാഘവന്റെയും കെ പി.ഭവാനിയുടെയും മകനായി 1948ല്‍ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ജനിച്ചു. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളെജ്, തൃശൂര്‍ എഞ്ചിനീയറിങ് കോളെജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

കരള്‍ സംബന്ധമായ അസുഖം കാരണം കുറച്ചുദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബാബു ഭരദ്വാജ്. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. പ്രവാസിയുടെ കുറിപ്പുകള്‍, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, ശവഘോഷയാത്ര, പപ്പറ്റ് തിയറ്റര്‍ എന്നിവയാണ്‌ പ്രധാന കൃതികള്‍. കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിന് 2006ലെ കേരള സാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ചിന്ത ആഴ്ചപതിപ്പ്, മീഡിയ വണ്, കൈരളി ടി വി എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ദൂള്‍ ന്യൂസ് ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. എസ് എഫ്‌ ഐയുടെ പ്രഥമ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. പി കെ പ്രഭയാണ് ഭാര്യ, രേശ്മ, താഷി എന്നിവര്‍ മക്കളാണ്.

വെബ്ദുനിയ വായിക്കുക