റെയില്‍വെ ട്രാക്കില്‍ പരുക്കേറ്റ് നിലയില്‍ കണ്ടെത്തിയ കോന്നി പെണ്‍കുട്ടി ആര്യയുടെ നിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍. ന്യുമോണിയ ബാധയും തലക്കേറ്റക്ഷതവും ആശങ്കാജനകമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
വെന്റിലേറ്ററിന്റെ സഹായം 24 മണിക്കൂർ കൂടി തുടരും. ഇന്നലെയാണ് ആന്റിബയോട്ടിക്കുകൾ നൽകി തുടങ്ങിയിരിക്കുന്നത്. അതിന്റെ പ്രവർത്തനം ശക്തമാകുന്നതിന് കുറച്ചുദിവസങ്ങൾ കൂടിയെടുക്കും. ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ കെ ബാലഗോപാൽ പറഞ്ഞു. ആര്യ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ശ്വാസകോശത്തിലെ പഴുപ്പ് നീക്കം ചെയ്തുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. ആരോഗ്യം മെച്ചപ്പെട്ടു വരുന്നതിനിടെ ന്യുമോണിയ ബാധിച്ചതാണ് ആര്യയുടെ ആരോഗ്യനില വഷളാക്കിയത്. തലച്ചോറിലെ പരുക്കും ഗുരുതരമായി. മരുന്നുകളോട് ഭാഗികമായേ പ്രതികരിക്കുന്നുള്ളൂ. കഴിഞ്ഞ ദിവസം ആര്യയുടെ നില മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നിട് വഷളാകുകയായിരുന്നു.
നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിക്ക് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ന്യുമോണിയ നിയന്ത്രിക്കാനുള്ള ജീവന്‍ രക്ഷാമരുന്നുകള്‍ നല്‍കുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് കുട്ടിയെ ചികിത്സിക്കുന്നത്.
മരുന്നുകളോട് ആര്യ പ്രതികരിക്കുന്നുണ്ടെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ സാധിക്കുമെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കിയതിന് പിന്നാലെ ശനിയാഴ്‌ചയോടെ കുട്ടിക്ക് ന്യുമോണിയ ബാധയേറ്റതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ആര്യ ചികിത്സയിലുള്ളത്. കുട്ടിക്ക് ആരോഗ്യസ്ഥിതി കൈവന്നാല്‍ മാത്രമെ മൊഴി രേഖപ്പെടുത്താന്‍ കഴിയു.