പരവൂർ വെടിക്കെട്ട് ദുരന്തം: ജുഡീഷ്യൽ അന്വേഷണത്തിന് പുറമെ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും
പരവൂർ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. എ ഡി ജി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസ് അന്വേഷണ ചുമതല. വെടിക്കെട്ട് കരാറുകാർക്കും ക്ഷേത്രഭരണസമിതിയിലെ പതിനഞ്ചുപേര്‍ക്കുമെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ പടക്കനിർമാണശാലയിലെ അഞ്ചുപേർ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്‍.
ഗുരുതരമായി പൊളളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയില്‍ കഴിയുന്ന കരാറുകാരൻ സുരേന്ദ്രന്റെ നില അതീവഗുരുതരമായി തുടരുകയാണ്‍. 90 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ ഡയാലിസിസിനു വിധേയനാക്കിയിട്ടുണ്ട്. ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യൽ അന്വേഷണത്തിന് പുറമെ ക്രൈംബ്രാഞ്ച് അന്വേഷണവും നടത്താൻ തീരുമാനമായത്. സംസ്ഥാനത്തെ പടക്കക്കച്ചവടകേന്ദ്രങ്ങളിലും വെടിക്കെട്ട് സ്ഥലങ്ങളിലും ഇന്നും പരിശോധന തുടരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.