മുഖ്യമന്ത്രിയും ആര്യാടനും തുടരുന്നത് ജനാധിപത്യ ​വ്യവസ്ഥയോടുള്ള അനാദരവ്: കോടിയേരി

ശനി, 30 ജനുവരി 2016 (14:17 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും തല്‍സ്ഥാനത്തു തുടരുന്നത് ജനാധിപത്യ ​വ്യവസ്ഥയോടുള്ള അനാദരവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. വിജിലൻസ്​ കോടതി വിധി ഹൈകോടതി റദ്ദാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇരുവര്‍ക്കും തുടരാന്‍ അര്‍ഹതയില്ല. രാജിവെച്ച കെഎം മാണിയേയും കെ ബാബുവിനേയും വീണ്ടും മന്ത്രിമാരാക്കാൻ ശ്രമം നടക്കുകയാണെന്നും എകെജി സെന്ററില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ആദര്‍ശത്തിന്റെയും ധാര്‍മ്മികതയുടെയും പ്രതിരൂപമായിരുന്ന മുഖ്യമന്ത്രിയിപ്പോള്‍ രക്ഷപ്പെടാന്‍ മനസാക്ഷിയെ കൂട്ടുപിടിക്കുകയാണ്. ധാര്‍മ്മികതയുടെ പേരു പറഞ്ഞ് കെകെ രാമചന്ദ്രന്‍ മാസ്റര്‍, കെപി വിശ്വനാഥന്‍, കെ കരുണാകരന്‍ എന്നിവരുടെ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി നേരത്തെ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

ഉമ്മൻചാണ്ടിയു​ടെ മുഖ്യമന്ത്രി സ്ഥാനം എണ്ണപ്പെട്ടു കഴിഞ്ഞു. ശക്​തമായ ബഹുജന ​പ്രക്ഷോഭം സർക്കാരിന് ​നേരിടേണ്ടി വരും.
ഉമ്മൻചാണ്ടിയെ ഭയപ്പെടുത്തി മന്ത്രിസ്ഥാനം തിരിച്ചു പിടിക്കാനാണ്​ മാണി ശ്രമിക്കുന്നത്​. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തിലെത്തുന്ന അമിത്​ഷായുമായി കൂടിക്കാഴ്​ച നടത്തുമെന്ന് മാണി ആവര്‍ത്തിച്ചു പറയുന്നത്.

ബാബുവിന്റെ കാര്യത്തിൽ പത്ത് ദിവസത്തിനകം ക്വിക്​ വേരി​ഫിക്കേഷൻ റിപ്പോർട്ട്​ നൽകണമെന്നാണ്​ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്​. ബാബുവിനെ മന്ത്രിയാക്കുന്നത്​ ക്വിക്​ വേരിഫിക്കേഷൻ അട്ടിമറിക്കും. ആരോപണ വിധേയരായവർ മന്ത്രിസ്ഥാനത്ത്​ എത്തുന്നത്​ വിജിലൻസി​ന്റെ സ്വതന്ത്രമായ പ്രവർത്തനം തടസപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക