ശബരിമല സ്‌ത്രീപ്രവേശനം; 'സംസ്ഥാനത്ത് നടക്കുന്നത് തികച്ചും രാഷ്‌ട്രീയ സമരം, എതിരഭിപ്രായം ഉള്ളവർക്ക് റിവ്യൂ ഹർജി നൽകാം'

തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (10:27 IST)
ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്നത് തികച്ചും രാഷ്‌ട്രീയ സമരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 'വിശ്വാസ സംരക്ഷണ സമരമെന്ന് പറഞ്ഞ് നടക്കുന്നത് രാഷ്‌ട്രീയ സമരമാണ്. കേവലമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും ചൂഷണംചെയ്തും നടത്തുന്ന ഇത്തരം നീക്കങ്ങള്‍ അത്യന്തം അപകടകരമാണ്'- കോടിയേരി പറഞ്ഞു. 
 
'വിധിയില്‍ എതിരഭിപ്രായമുള്ളവര്‍ക്ക് റിവ്യു ഹര്‍ജി നല്‍കാം. അതല്ലാതെ വിധിക്കെതിരെ സമരംചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്'. തിരുവനന്തപുരം ജില്ലയിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവരുടെ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
 
വിധി നടപ്പാക്കുന്ന കാര്യത്തിലും സര്‍ക്കാരിന് തുറന്ന മനസ്സാണുള്ളതുകൊണ്ടുതന്നെയാണ് വിഷയം ചര്‍ച്ചചെയ്യാന്‍ തന്ത്രികുടുംബത്തെയും മറ്റും ക്ഷണിച്ചത്. എന്നാൽ, അവര്‍ വന്നില്ല. സര്‍ക്കാര്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുറന്ന മനസ്സാണുള്ളത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിധി നടപ്പാക്കുകയേ വഴിയുള്ളൂവെന്നാണ് ആദ്യം പറഞ്ഞത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും കേന്ദ്രസംസ്ഥാന നേതൃത്വങ്ങളും വിധിയെ സ്വാഗതംചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. പിന്നീട് മലക്കംമറിഞ്ഞതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍