മോഹന്‍ലാലിന്റെ നിലപാടുകളോട് യോജിക്കാനാകില്ലെന്ന് കൊച്ചി മേയര്‍

വ്യാഴം, 27 നവം‌ബര്‍ 2014 (15:22 IST)
സദാചാര പോലീസിനെ വിമര്‍ശിച്ചും ചുംബനസമരത്തെ അനുകൂലിച്ചും ബ്ലോഗ് എഴുതിയ നടന്‍ മോഹന്‍ലാലിന്റെ നിലപാടുകളോട് യോജിക്കാനാകില്ലെന്ന് കൊച്ചി മേയര്‍ ടോണി ചമ്മണി. 'സ്‌നേഹപൂര്‍വം മോഹന്‍ലാലിന്' എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റിലെ പല നിലപാടുകളോടും അനുകൂലിക്കാനാകില്ലെന്ന് ടോണി ചമ്മണി പറയുന്നു. മേയറുടെ ബ്ലോഗിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. 
 
സദാചാര പോലീസിനേയും കപടസദാചാരവാദത്തേയും എതിര്‍ക്കുമ്പോള്‍ തന്നെ ചുംബന സമരം പോലുള്ള പ്രതിലോമകരമായ സമരരീതികളെ അനുകൂലിക്കാനില്ലെന്നും ചമ്മണി പറയുന്നു. ഒരു തലമുറയുടേയും ജീവിതം നിശ്ചയിക്കണ്ടേത് രാഷ്ട്രീയ പാര്‍ട്ടികളല്ല എന്ന മോഹന്‍ലാലിന്റെ പരാമര്‍ശം പുതിയ തലമുറയില്‍ അരാഷ്ട്രീയ വാദത്തിന്റെ കനലുകള്‍ ജ്വലിപ്പിക്കാനേ ഉപകരിക്കൂ. ചുംബനസമരത്തില്‍ ഇടപെട്ട വീര്യത്തോടെ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതു പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്നാല്‍ ചുംബനസമരത്തിന് കൊച്ചിയില്‍ ആവേശം കാണിച്ച ചെറുപ്പക്കാര്‍ ഏതൊക്കെ പൊതുപ്രശ്‌നങ്ങളില്‍ ഇത്ര വീര്യത്തോടെ ഇടപെടുന്നു എന്ന ചോദ്യം അവരോടും ഉന്നയിക്കേണ്ടതാണ്. ചുംബന സമരത്തേക്കാള്‍ ഏറ്റവും അടിയന്തിരമായ പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ടെന്ന് പരസ്യ ചുംബനത്തിനായി സമരം ചെയ്തവരെയായിരുന്നു മോഹന്‍ലാല്‍ ഓര്‍മിപ്പിക്കേണ്ടതെന്നും ചമ്മണി ചൂണ്ടിക്കാട്ടുന്നു.
 
സമൂഹത്തില്‍ ജീവിക്കുന്നവര്‍ പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും കാണിക്കേണ്ട വിവേകത്തെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇഷ്ടമില്ലാത്ത കാഴ്ചകളില്‍ നിന്നു മാറിപ്പോകണം എന്ന ആശയത്തോടു യോജിക്കാനാവില്ല. അത്തരം കാഴ്ചകള്‍ സമൂഹത്തില്‍ സൃഷ്ടിക്കാതിരിക്കലല്ലേ നല്ലത്. വഴിമാറി നടക്കാനല്ല, മാന്യതയുടേയും മര്യാദയുടേയും നേരായ വഴിക്കു തന്നെ നടക്കാന്‍ പാകത്തിലുള്ള കാഴ്ചകള്‍ സൃഷ്ടിക്കാനുള്ള നന്മയിലേക്ക് യുവതലമുറയെ നയിക്കാന്‍ മോഹന്‍ ലാല്‍ ശ്രമിക്കണം എന്നു പറഞ്ഞാണ് മേയര്‍ ബ്ലോഗ് അവസാനിപ്പിക്കുന്നത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക