സി പി എം അധികാരത്തിൽ വന്നാൽ ബാറുകള്‍ തുറക്കുമെന്ന രൂപത്തില്‍ കള്ളപ്രചാരണം നടക്കുന്നു: കോടിയേരി

ബുധന്‍, 6 ഏപ്രില്‍ 2016 (14:14 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഇടതുമുന്നണി നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് സി പി എം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഞ്ചുവർഷം ഇഴഞ്ഞു നീങ്ങിയ സർക്കാരാണ് ഇപ്പോള്‍ കേരളത്തിലേത്. ഇത്തരത്തിലൊരു സർക്കാർ തുടര്‍ന്നിട്ട് കാര്യമില്ലെന്ന് ജനങ്ങൾക്ക് മനസിലായി. ഇത്തവണ കേരളത്തിൽ 2006 ആവർത്തിക്കും. 96 സീറ്റ് നേടിയാണ് അന്ന് ഇടതുമുന്നണി അധികാരത്തിലെത്തിയതെങ്കില്‍ ഇത്തവണ അത് മൂന്നക്ക സംഖ്യയിലേക്ക് മാറുമെന്നും കോടിയേരി വ്യക്തമാക്കി.

മദ്യവർജനമാണ് എൽ ഡി എഫിന്റെ നയം. അത് ഏതുതരത്തില്‍ നടപ്പാക്കണമെന്നതിനെ കുറിച്ച് എൽ ഡി എഫ് സർക്കാർ അധികാരമേറ്റതിനു ശേഷം തീരുമാനിക്കും. ബാറുകൾ തുറക്കണമെന്ന് എൽ ഡി എഫ് ആവശ്യപ്പെട്ടിട്ടില്ല. ബാറുകൾ പൂട്ടിയതിനെ വിമർശിച്ചിട്ടുമില്ല. സി പി എം അധികാരത്തിൽ വന്നാൽ ബാറുകള്‍ തുറക്കുമെന്ന രൂപത്തില്‍ ഇപ്പോള്‍ കള്ളപ്രചാരണം നടക്കുന്നു. ഇത്തരം കള്ളപ്രചാരണത്തിലൂടെ വോട്ടുപിടിക്കാൻ ഉമ്മൻ ചാണ്ടി നോക്കേണ്ട കാര്യമില്ല. കൂടാതെ യു ഡി എഫ് സർക്കാർ ബാറുകൾ പൂട്ടിയത് മദ്യനിരോധനം ഉദ്ദേശിച്ചല്ലെന്നും 25 കോടി കോഴ വാങ്ങിയാണെന്നും കോടിയേരി ആരോപിച്ചു.

എല്ലാ സീറ്റുകളിലേക്കും എൽ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രകടന പട്ടിക സംബന്ധിച്ച ചർച്ചകളും തുടങ്ങി. നോമിനേഷന് മുൻപ് എൽ ഡി എഫ് മാനിഫെസ്റ്റോ പ്രഖ്യാപിക്കും. എല്ലാവരുടെയും നിർദേശങ്ങൾ പരിഗണിച്ചായിരിക്കും ഇതു തയാറാക്കുക.

വെബ്ദുനിയ വായിക്കുക