സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യത; ലിസ്റ്റിൽ കേരളവും, കനത്ത സുരക്ഷയൊരുക്കി പൊലീസ്

ശനി, 13 ഓഗസ്റ്റ് 2016 (13:28 IST)
സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കേരളത്തിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ഭീകരാക്രമണം നടക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ കേരളവും ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കിയിരിക്കുന്നത്. 
 
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രധാന‌ നഗരങ്ങളിലെല്ലാം പരിശോധന കർശനമാക്കിയിരിക്കുകയാണ്. തിരക്കുള്ള സ്ഥലങ്ങളിൽ ഷാഡോ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ ആരെ കണ്ടാലും കസ്റ്റഡിയിൽ എടുക്കാനും ചോദ്യം ചെയ്യാനും പൊലീസിന് അനുവാദം നൽകിയിരിക്കുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 
 
ബസ്, ട്രെയിൻ, മറ്റു വാഹനങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്ന ബാഗുകൾ, പൊതിക്കെട്ടുകൾ എന്നിവ കാണാനിടയായാൽ ഒരു കാരണവശാലും എടുക്കരുതെന്നും സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും കാണാൻ ഇടയായാൽ പൊലീസിനെ വിവരമറിയിക്കാനും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക