പുതിയ അന്വേഷണം രാഷ്‌ട്രീയനിലപാടിനോടുള്ള അസഹിഷ്‌ണുത; ഏത് അന്വേഷണത്തെയും നേരിടുമെന്നും കെ എം മാണി

ശനി, 27 ഓഗസ്റ്റ് 2016 (13:42 IST)
ബാര്‍കോഴ കേസില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് തന്റെ രാഷ്‌ട്രീയനിലപാടിനോടുള്ള അസഹിഷ്‌ണുതയാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. തിരുവനന്തപുരം വിജിലന്‍സ് കോടതി ആയിരുന്നു ബാര്‍കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍  ഉത്തരവിട്ടത്.
 
തങ്ങള്‍ എടുത്തിരിക്കുന്ന രാഷ്‌ട്രീയനിലപാട് ദഹിക്കാത്ത ചിലരുണ്ട്. ബിജു രമേശും സുകേശനും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. തന്റെ രാഷ്‌ട്രീയ നിലപാടിനോടുള്ള അസഹിഷ്‌ണുതയാണ് ഇത്.
ഒന്നാമത്തെ റിപ്പോര്‍ട്ടില്‍ താന്‍ കുറ്റക്കാരനല്ലെന്നും രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ തന്നെ ഒഴിവാക്കിയുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു, മാണിക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തണം എന്നാണ് പറയുന്നത്.
 
കേരള കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് ആരും വിചാരിക്കണ്ട. ഇങ്ങനെയുള്ള ചതിയിലും ഗൂഢാലോചനയിലും തകര്‍ന്നു പോകില്ല. ഏത് അന്വേഷണത്തെയും നേരിടുമെന്നും കുറ്റക്കാരനെന്ന് തെളിയിക്കുന്നതു വരെ താന്‍ നിരപരാധിയാണെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക