സ്വാശ്രയ മെഡിക്കൽ പ്രവേശം: നിലപാടിലുറച്ച് സർക്കാർ; ചർച്ച പരാജയം - മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മാനേജ്‌മെന്റുകൾ

തിങ്കള്‍, 29 ഓഗസ്റ്റ് 2016 (19:50 IST)
സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ മാനേജ്മെന്‍റ് പ്രതിനിധികൾ സർക്കാറുമായി നടത്തിയ രണ്ടാം ഘട്ട ചർച്ചയിലും ധാരണയായില്ല. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് മാനേജ്‌മെന്റുകളുമായി ചർച്ച നടത്തിയത്. ഏകീകൃത ഫീസ് അംഗീകരിക്കില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വീണ്ടും മാനേജ്‌മെന്റുകൾ ചർച്ച നടത്തും.

50 ശതമാനം സീറ്റിൽ കുറഞ്ഞ ഫീസ് വേണമെന്ന് സർക്കാർ മാനേജ്മെന്‍റിനെ അറിയിച്ചു. എന്നാൽ സർക്കാറിന് നൽകുന്ന 30 ശതമാനം സീറ്റിൽ ഫീസ് വർധിപ്പിക്കാൻ തയാറാകണമെന്ന് മാനേജ്മെന്‍റും വാദിച്ചു.

പ്രശ്നപരിഹാരത്തിന് പുതിയ ഫോർമുല മാനേജ്മെന്റുകൾ മുന്നോട്ടുവച്ചു‍. സർക്കാർ ഏറ്റെടുത്ത 50 ശതമാനത്തിൽ 20 ശതമാനം സീറ്റിൽ 25,000 രൂപ ഫീസ് അനുവദിക്കാം. ബാക്കിയുള്ള 30 ശതമാനം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. കൂടാതെ, മറ്റു സീറ്റുകളിൽ ഫീസ് വർധനവും വേണം. മാനേജ്മെന്റ് സീറ്റുകളിൽ 12 മുതൽ 15 ലക്ഷം വരെ ഫീസ് അനുവദിക്കണം. എൻആർഐ സീറ്റിൽ 15 മുതൽ 20 ലക്ഷം വരേയും ഫീസ് ഉയർത്തണമെന്നുമാണ് മാനേജ്മെന്റുകളുടെ നിർദേശം.

വെബ്ദുനിയ വായിക്കുക