ചുംബന സമരമൊ? ഞങ്ങളൊന്നും കണ്ടില്ലല്ലൊ...!

ശനി, 6 ഡിസം‌ബര്‍ 2014 (09:12 IST)
കൊച്ചി ചുംബന സമരത്തെ കൈകാര്യം ചെയ്ത രീതി പാളി എന്ന ഏറെ വിമര്‍ശനം കേട്ടതിനാല്‍ കോഴിക്കോട് നാളെ നടക്കുന്ന സമരത്തിനേ നേരിടാന്‍ പൊലീസ് കരുതലോടെയാണ് നീങ്ങുന്നത്. രണ്ടാം ഘട്ട സമരത്തെ കണ്ടില്ലെന്ന് നടിക്കാനാണ് ജില്ലാ പോലീസ് മേധാവികളുടെ നിര്‍ദ്ദേശമെന്നാണ് വിവരം.

ഡിസംബര്‍ 7ന് ഞായറാഴ്ചയാണ് കോഴിക്കോട് ചുംബന സമരം സംഘടിപ്പിച്ചിരിക്കുന്നത്. കിസ് ഇന്‍ ദി സ്ട്രീറ്റ് എന്ന പേരില്‍ കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്‍ഡ് പരിസരത്തു വച്ചായിരിക്കും നടക്കുകയെന്ന് സംഘാകര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തിനായി പൊലീസിന്റെ അനുമതി വാങ്ങിയിട്ടില്ല എന്നാണ് അറിയുന്നത്. കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ആദ്യം പരിപാടി തീരുമാനിച്ചതെങ്കിലും ഞായറാഴ്ചയായതിനാല്‍ ബീച്ചിലെ തിരക്കുകൂടി കണക്കിലെടുത്താണ് ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് പരിപാടി മാറ്റിയത്.

കോഴിക്കോട് നടക്കുന്ന ചുംബന സമരത്തിനെത്തുന്നവരെ ഒരു തരത്തിലും ഉപദ്രവിക്കരുതെന്നും അക്രമം ഉണ്ടായാല്‍ ഇടപെട്ടാല്‍ മതിയെന്നുമാണ് പോലീസിന്റെ തീരുമാനം. സമരം നടത്തുന്നവരും പ്രതിഷേധിക്കുന്നവരും കാണാനെത്തുന്നവരുമൊക്കെ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കാതെ പരിപാടി അവസാനിപ്പിക്കണമെന്നാണ് പോലീസിന്റെ അഭ്യര്‍ത്ഥന. അതേ സമയം ചുംബന സമരത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ കഴിഞ്ഞദിവസം നടന്ന ഇരുട്ടുനുണയാമെടികളെ എന്ന പരിപാടിയില്‍ പ്രതീക്ഷിച്ച പ്രാതിനിത്യം പോയിട്ട് വിരലിലെണ്ണാവുന്നവര്‍ പോലും എത്താതിരുന്നത് സമരക്കാരില്‍ ആശങ്കയിളവാക്കിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും   പിന്തുടരുക.

വെബ്ദുനിയ വായിക്കുക