സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവര്‍ഷത്തേക്കുകൂടി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കെഴുതിയ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്നാണ് ജൂണ്‍ അവസാനവാരം നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളവും മറ്റ് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങളുടെ ഈ ആവശ്യം തികച്ചും ന്യായമാണ്. ഈ വിഷയത്തില്‍ പ്രധാന മന്ത്രിയുടെ അനുഭാവപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പിലായപ്പോള്‍ മുതല്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട വരുമാനനഷ്ടം പരിഹരിക്കാനാണ് കേന്ദ്രം അഞ്ചുവര്‍ഷ കാലയളവിലേക്ക് ജിഎസ്ടി നഷ്ടപരിഹാര തുക ഏര്‍പ്പെടുത്തിയത്. ഈ ജിഎസ്ടി നഷ്ടപരിഹാര കാലയളവ് ജൂണ്‍ മാസത്തോടെ അവസാനിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്ന ഒരു വിഷയമാണിത്. 2017 ല്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ നികുതി വ്യവസ്ഥയും നടപടികളും സ്ഥായിയാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതുണ്ടായില്ലെന്ന് മുഖ്യമന്ത്രി കത്തില്‍ കൂട്ടിച്ചേര്‍ത്തു.