കവളപ്പാറയില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മുത്തപ്പന്‍കുന്ന് ഒഴുകിപോയപ്പോള്‍ ഒരു തുരുത്തുമാത്രം ബാക്കിയാക്കി. പ്രവാഹ വഴിയിൽ മുഴുവൻ വീടുകളെയും തുടച്ചുനീക്കി കുത്തിയൊലിച്ചുപോയ ഉരുള്‍ പകുതിവഴി പിന്നിട്ടപ്പോള്‍ രണ്ടായിപ്പിരിയുകയും നടുവില്‍ ഒരു തുരുത്തിനെ മാത്രം അവശേഷിപ്പിച്ച് വീണ്ടും കൂടിച്ചേര്‍ന്ന് ഒഴുകുകയുമായിരുന്നു.
പുഷ്പ പറഞ്ഞത് ഇങ്ങിനെ:
”രാത്രിയിൽ വീട്ടിൽ ഇരിക്കുമ്പോഴാണ് കുന്നിനുമുകളില്‍ വലിയ ശബ്ദം കേട്ടത്. ഒപ്പം ചെളിയും വെള്ളവും താഴേക്കൊഴുകിയെത്തി. ഓടിക്കോ എന്നെല്ലാം അലറിവിളിക്കുന്നത് കേള്‍ക്കാമായിരുന്നു. ഞങ്ങളും വീട്ടില്‍നിന്നിറങ്ങിയോടി. കൂടുതൽ മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. മുന്നിലെ തോട് നിറഞ്ഞുകവിഞ്ഞിരുന്നു. വീടിന്റെ വശങ്ങളിലൂടെ ഭയങ്കര ശബ്ദത്തോടെ മണ്ണ് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.