വര്‍ധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തില്‍ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേരളത്തില്‍നിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണികരണം നടത്തുവാനും അവയുടെ വംശാവലി സാര്‍സ് കൊറോണ രണ്ടിന്റെ ഇന്ത്യന്‍ ഉപവിഭാഗമായ എ2എ ആണെന്ന് നിര്‍ണ്ണയിക്കുവാനും സാധിച്ചു. വിദേശ വംശാവലിയില്‍ പെട്ട രോഗാണുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
വടക്കന്‍ ജില്ലകളില്‍ നിന്നെടുത്ത സാമ്പിളുകളില്‍ നിന്നു ലഭിക്കുന്ന വിവര പ്രകാരം ഒഡീഷ, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്. അയല്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തില്‍ വലിയ ആഘാതം സൃഷ്ടിച്ചേക്കാം. നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തിവെച്ചേക്കാവുന്ന ഘട്ടത്തിലാണ് നമ്മളിപ്പോള്‍. പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട്. പൊതുസ്ഥങ്ങളില് എല്ലാവരും ഉത്തരവാദിത്വബോധത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.