കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്; നിയമവകുപ്പെങ്കിലും ഒഴിയണമെന്ന് ഒരു വിഭാഗം, ഉന്നതാധികാര യോഗം വിളിച്ചുചേർക്കണമെന്ന് പിസി ജോസഫ്
വെള്ളി, 30 ഒക്‌ടോബര്‍ 2015 (10:50 IST)
ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. മാണി നിയമകാര്യ വകുപ്പെങ്കിലും ഒഴിയുന്നതാണ് നല്ലതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ആരോപണമുയർന്നപ്പോൾ തന്നെ രാജിവച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും ഒരു വിഭാഗം വ്യക്തമാക്കി.
മാണി നിയമവകുപ്പ് എങ്കിലും അദ്ദേഹം ഒഴിയുന്നതാണ് ഉചിതമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് മുന്‍ എംഎല്‍എയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായി പിസി ജോസഫ് കെഎം മാണിക്കും പിജെ ജോസഫിനും കത്തുനല്‍കാന്‍ ഒരുങ്ങുകയാണ്. മാണിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേരളാ കോൺഗ്രസിന്റെ ഉന്നതാധികാര യോഗം ഉടൻ വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണി രാജിവെച്ചിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. ഇത് കുടുംബകാര്യമല്ലെന്നും പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമാണ്. നിയമവകുപ്പ് കൈവശം വച്ചുകൊണ്ട് മാണി നിയമപോരാട്ടം നടത്തുന്നത് ശരിയല്ലെന്നും പി.സി.ജോസഫ് വിഭാഗം വ്യക്തമാക്കി.
മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കോടതി വിധിക്കെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും. ഹൈക്കോടതിയിൽ ഇന്നു തന്നെ റിവിഷൻ ഹർജി നൽകാനാണ് സർക്കാർ നീക്കം. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്‌ച നടത്തി.
ബാർ കോഴക്കേസിൽ തുടരന്വേഷണം നടത്താൻ നിർദ്ദേശം നൽകിയ കോടതി വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുക. വിജിലൻസ് ഡയറക്ടർക്ക് എതിരായ പരാമർശം നീക്കണമെന്നും സർക്കാർ ആവശ്യപ്പെടും.
അതോടൊപ്പം മാണി പങ്കെടുക്കേണ്ടിയിരുന്ന നാലു പൊതുപരിപാടികൾ റദ്ദാക്കി. ഇടുക്കി ജില്ലയിലെ പരിപാടികളാണ് പ്രതിഷേധം ഭയന്ന് റദ്ദാക്കിയത്. പരിപാടികളില്‍ പങ്കെടുത്താല്‍ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുമെന്ന തോന്നലാണ് മാണിയെ പൊതുപരിപാടികളില്‍ നിന്ന് പിന്തിരിപ്പിച്ചത്. ഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. വരും ദിവസങ്ങളിലും നടക്കാനിരിക്കുന്ന പൊതു പരിപാടികളില്‍ നിന്ന് മാണി വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.