ചവറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ഷിബു ബേബി ജോണ്‍ പരാജയപ്പെട്ടു. അതേസമയം അഴിക്കോട് യുഡി എഫ് സ്ഥാനാര്‍ഥി കെഎം ഷാജി ജയിച്ചു. എല്‍ഡിഎഫിലെ എംവി നികേഷ് കുമാറാണ് ഷാജിയോടെ പരാജയമറിഞ്ഞത്. 2468 വോട്ടുകള്‍ക്കാണ് ഷാജിയുടെ ജയം.
ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസിന്റെ കെ സി ബാലകൃഷ്ണന്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചു. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി കെ ജാനുവിന് മണ്ഡലത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
അതേസമയം, റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മട്ടന്നൂരില്‍ ഇ പി ജയരാജന്‍ വിജയിച്ചു. നാല്‍പ്പത്തിമൂവായിരത്തിലേറെ വോട്ടുകള്‍ക്കാണ് സിറ്റിങ്ങ് സീറ്റ് ജയരാജന്‍ നിലനിര്‍ത്തിയത്. തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബി ജെ പി അവസാന ഘട്ടത്തില്‍ പിന്നിലോട്ട് പോകുന്ന കാഴ്ചയാണ് കാസര്‍കോട് മണ്ഡലത്തില്‍ കണ്ടത്. എണ്ണായിരം വോട്ടുകള്‍ക്കാണ് എന്‍ എ നെല്ലിക്കുന്ന് കാസകോട് ജയിച്ചു കയറിയത്.
തിരുവനന്തപുരം വര്‍ക്കലയിലും നെയ്യാറ്റിന്‍കരയിലും ഇടതുവിജയം ആവര്‍ത്തിച്ചു. വര്‍ക്കലയില്‍ അഡ്വ വി ജോയിയും നെയ്യാറ്റിന്‍കരയില്‍ കെ ആന്‍സലനും വിജയം ഉറപ്പിച്ചു. പാലായില്‍ കെ എം മാണി വിജയം ഉറപ്പിച്ചു. മലമ്പുഴയില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിജയം ഉറപ്പിച്ചു. ധര്‍മ്മടത്ത് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മികച്ച വിജയം ഉറപ്പാക്കി മുന്നേറുകയാണ്.