അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും സ്‌റ്റേജ് ഷോയുമായി കറങ്ങിനടന്ന ഒരു ഹാസ്യനടന്‍ മലയാളത്തിലുണ്ടായിരുന്നു; ജഗദീഷിനെതിരെ ഗണേഷ് നടത്തിയ പ്രസ്‌താവന വിവാദമാകുന്നു

ചൊവ്വ, 22 മാര്‍ച്ച് 2016 (10:12 IST)
നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പത്തനാപുരത്തെ സ്ഥാനാര്‍ഥികളായ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് കെബി ഗണേഷ് കുമാറും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഗദീഷും തമ്മില്‍ വാക് പോര് തുടരുന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കര തലച്ചിറയില്‍ സാംബവ മഹാസഭ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തില്‍ ഗണേഷ് ജഗദീഷിനെതിരെ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്‌റ്റേജ് ഷോയുമായി കറങ്ങിനടന്ന ഒരു ഹാസ്യനടന്‍ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ചു അയാള്‍ വൈകാതെ നിങ്ങളുടെ സമീപമെത്തുമ്പോള്‍ സൂക്ഷിക്കണമെന്നായിരുന്നു ഗണേഷിന്റെ പരാമര്‍ശം.
ഒരുമക്കളും ചെയ്യാത്ത തരത്തില്‍ അച്ഛന്റെ സഞ്ചയനത്തിനു മാത്രമാണ് അയാള്‍ നാട്ടിലെത്തിയതെന്നും പേരെടുത്ത് പറയാതെയുള്ള ഗണേഷിന്റെ വിമര്‍ശനം.

നേരത്തെ ഗണേഷിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജഗദീഷ് രംഗത്തെത്തിയിരുന്നു. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കില്ലെന്നും, നേതാക്കന്മാര്‍ നാടിന് അപമാനകരമാകുന്ന ഒരു പ്രവര്‍ത്തിയിലും പങ്കാളിയാകാനോ അത്തരം നീക്കങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനോ പാടില്ലെന്നുമാണ് അദ്ദേഹം  പറഞ്ഞിരുന്നത്.

യുഡിഎഫ് ടിക്കറ്റില്‍ പത്തനാപുരത്ത് ഗണേഷിനെ നേരിടാനൊരുങ്ങുന്ന ജഗദീഷ് കോണ്‍ഗ്രസിന്റെ വിവിധ പരിപാടികളില്‍ സജീവമായിരിക്കുകയാണ്. പൊതുപരിപാടികളിലും സ്‌കൂളുകളില്‍ നടക്കുന്ന ചടങ്ങുകളിലും അദ്ദേഹമെത്തുന്നുണ്ട്.
സ്ഥാനാര്‍ഥിത്വം ഔദ്യേഗികമായി പ്രഖ്യാപിക്കും മുമ്പ് തന്നെ മണ്ഡലത്തില്‍ സജീവമാകാന്‍ കഴിഞ്ഞിട്ടുണ്ടു ജഗദീഷിന്. എന്നാല്‍ ശക്തമായ പ്രചാരണത്തിന് ഇറങ്ങാതെ മാറി നില്‍ക്കുകയാണ് ഗണേഷ്.

വെബ്ദുനിയ വായിക്കുക