ചങ്കൂറ്റമുള്ള ഗണേശേട്ടന്‍ ജയിക്കണം; പ്രചാരണത്തിന് പോകാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്- ഗണേഷ് കുമാറിന് വോട്ട് അഭ്യര്‍ഥിച്ച് നിവിന്‍ പോളി- വീഡിയോ കാണാം
ശനി, 14 മെയ് 2016 (09:23 IST)
മോഹന്‍ലാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെബി ഗണേഷ് കുമാറിനു വേണ്ടി പത്തനാപുരത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം വിവാദമായതിന് പിന്നാലെ ഗണേഷിനെ പിന്തുണച്ച് യുവനടന്‍ നിവിന്‍ പോളിയും രംഗത്ത്. പത്താനപുരത്ത് എത്തണമെന്ന് ആഗ്രമുണ്ടായിരുന്നുവെങ്കിലും എത്താന്‍ കഴിഞ്ഞില്ല. ഗണേഷിനെപ്പോലെയുള്ള രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ജയിക്കണമെന്നും നിവിന്‍ പറഞ്ഞു.
തിരക്കുകള്‍ കാരണമാണ് പത്തനാപുരത്ത് എത്താന്‍ സാധിക്കാതിരുന്നത്. ഒരു പദ്ധതി ഏറ്റെടുത്താല്‍ പഠിച്ച് കൃത്യസമയത്ത് നടത്താന്‍ കഴിവുള്ള ചങ്കൂറ്റമുള്ള മന്ത്രിയാണ് ഗണേഷ്. ഇത്തരത്തിലുള്ളവര്‍ ഭരണത്തില്‍ വരണം. അഴിമതി ഇല്ലാത്ത നേതാവാണ് അദ്ദേഹം. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും നല്‍കി ഗണേഷിനെ വിജയിപ്പിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും നിവിന്‍ പറഞ്ഞു.
അതേസമയം, മോഹന്‍ലാല്‍ പത്തനാപുരത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം വിവാദമാകുകയാണ്. ഗണേഷ് കുമാറിന്റെ ഭീഷണിയില്‍ പേടിച്ചാണ് താരം പ്രചരണത്തിന് എത്തിയതെന്ന ആരോപണവുമായി ഡി സി സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷാണ് രംഗത്തെത്തിയത്. ഇന്ത്യന്‍ ആര്‍മിയുടെ ലെഫ്റ്റനറ്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി പരസ്യമായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് ചട്ടലംഘനമാണെന്നും സുരേഷ് ആരോപിച്ചു. ആനക്കൊമ്പ് വിവാദവുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഗണേഷ് അദ്ദേഹത്തെ പത്തനാപുരത്ത് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
താരപോരാട്ടം നടക്കുന്ന പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെബി ഗണേഷ്കുമാറിന്റെ പ്രചരണത്തിന് മോഹന്‍ലാല്‍ എത്തിയതില്‍ പരിഭവമില്ലെന്നാണ് ബിജെപി സ്ഥാനാര്‍ഥിയും നടനുമായ ഭീമന്‍ രഘു പറഞ്ഞത്. അമിതാഭ് ബച്ചന്‍ വന്നാല്‍ പോലും പത്തനാപുരത്ത് ചലനമുണ്ടാക്കാന്‍ സാധിക്കില്ല. പത്തനാപുരത്ത് വലിയ ഭൂരിപക്ഷത്തോടെ ബിജെപി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര സംഘടനയായ അമ്മയില്‍ നിന്ന് നടന്‍ സലിം കുമാര്‍ രാജി വെച്ചതില്‍ കുഴപ്പമില്ലെന്നും അതെല്ലാം വ്യക്തിപരമായ തീരുമാനമാണെന്നും ‘അമ്മ’യുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് എം പി പറഞ്ഞു. വ്യക്തിബന്ധം കണക്കിലെടുത്താണ് നടന്മാര്‍ പ്രചരണത്തിന് പോകുന്നതെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ പത്തനാപുരത്ത് പോയതില്‍ തെറ്റില്ലെന്നാണ് നടനും കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ മുകേഷിന്‍റെ അഭിപ്രായം. ഗണേഷ്കുമാറിന്റെ പ്രചരണത്തിന് മോഹന്‍ലാല്‍ എത്തിയത് നല്ല കാര്യമാണെന്ന് മുകേഷ് പറഞ്ഞു. പത്തനാപുരത്ത് മോഹന്‍ലാല്‍ പോയതില്‍ തെറ്റില്ല. കൊല്ലത്ത് പ്രചാരണത്തിനായി വ്യാഴാഴ്‌ച അദ്ദേഹം വരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും വരാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍ പത്തനാപുരത്ത് പോയതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ചതിനെക്കുറിച്ച് അറിഞ്ഞില്ലെന്നും അദ്ദേഹം രാജി വെക്കേണ്ടതില്ലായിരുന്നെന്നും മുകേഷ് പറഞ്ഞു. മോഹന്‍ലാല്‍ പത്തനാപുരത്ത് പോയത് എതിര്‍ക്കേണ്ടതില്ലെന്നും ഓരോരുത്തരുടെയും സ്വന്തം തീരുമാനങ്ങളാണ് അവയെന്നും മുകേഷ് പറഞ്ഞു.
അതിനിടെ താരസംഘടനയായ അമ്മയോട് പറഞ്ഞിട്ടല്ല താരങ്ങള്‍ മത്സരിക്കാന്‍ പോയതെന്ന് സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. താരസംഘടനായ 'അമ്മ'യില്‍ നിന്നും നടന്‍ സലിം കുമാര്‍ രാജിവെച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണത്താലാണെന്ന് ഇടവേള ബാബു പറഞ്ഞു. അമ്മയില്‍ രാഷ്‌ട്രീയകാര്യങ്ങള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്യാറില്ല, താരങ്ങള്‍ മത്സരിക്കുന്നിടത്തേക്ക് മറ്റുള്ളവര്‍ പോകാന്‍ പാടില്ല എന്ന് സംഘടന പറഞ്ഞിട്ടില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.
അമ്മയിലെ നിരവധി താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അവരൊന്നും സംഘടനയുടെ അനുവാദത്തോടെയോ സംഘടനയോട് പറഞ്ഞിട്ടോ അല്ല പോകുന്നതെന്നും അതെല്ലാം അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മോഹന്‍ലാലിനെ വിമര്‍ശിച്ച ജഗദീഷിന് സിനിമ സ്റ്റൈല്‍ മറുപടിയുമായി ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോഹന്‍ലാല്‍ എത്തിയത് ഗണേഷിന്റെ ഭീഷണിയെ തുടര്‍ന്നാണെന്ന് വിമര്‍ശിച്ച യു ഡി എഫ് സ്ഥാനാര്‍ത്ഥി ജഗദീഷിന് മറുപടിയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ നല്‍കിയത്. ജഗദീഷിന്റെ ആരോപണത്തിന് മറുപടിയായി ‘ബ്ലാക്ക്‌മെയിലോ? പോ മോനേ, ജഗദീഷേ..’ എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.