കഴക്കൂട്ടം നഗരസഭ ഉണ്ടാകില്ല, കോണ്‍ഗ്രസിന്റെ കരുനീക്കങ്ങള്‍ക്ക് സിപി‌എമ്മിന്റെ ചെക്ക്

തിങ്കള്‍, 18 മെയ് 2015 (17:17 IST)
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനത്തിന്റെ ഭാഗമായി കഴക്കൂട്ടം നഗരസഭ ഉണ്ടാക്കാനുള്ള യുഡി‌എഫിന്റെ നീക്കങ്ങള്‍ക്ക് ഒടുവില്‍ സിപി‌എമ്മിന്റെ വെട്ട്. തിരുവനന്തപുരം കോര്‍പ്പറേഷനെ വിഭജിച്ചാണ് കഴക്കൂട്ടം നഹരസഭ ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് അശാസ്ത്രീയവും ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി സിപി‌എം കോടതിയെ സമീപിച്ചതൊടെയാണ് കോണ്‍ഗ്രസിന്റെ കരുനീക്കങ്ങള്‍ ത്രിശങ്കുവിലായത്.

വിഭജനം നടപ്പിലായാല്‍ തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ഒറ്റയടിക്ക 12 വാർഡുകളാണ് കഴക്കൂട്ടത്തേക്ക് പോവുക. ഇതീല്‍ എട്ടെണ്ണം സിപി‌എമ്മിന്റെ കുത്തക വാര്‍ഡുകളാണ്. തിരുവനന്തപുരം നഗരസഭ നിലവില്‍ ഭരിക്കുന്നത് ഇടത് പക്ഷമാണ്. അതിനാല്‍ ഈ 12 വാര്‍ഡുകള്‍ കഴക്കൂട്ടത്തേക്ക് പോയാല്‍ തിരുവനന്തപുരത്ത് യു‌ഡി‌എഫ് മേല്‍ക്കൈയാകും. അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിപി‌എമ്മിന് നഷ്ടമാകുകയും ചെയ്യും.

ഇത് മുന്നില്‍ കണ്ടാണ് സിപി‌എം കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ സിപി‌എം ഉന്നയിച്ചിരിക്കുന്ന നിയമ പ്രശ്നങ്ങള്‍ കാതലുള്ളവയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുൻസിപ്പൽ ആക്ടിലെ 4/2 അനുച്ഛേദപ്രകാരം മുൻസിപ്പാലിറ്റി മേഖലകളെ പ്രമോട്ട് ചെയ്യാനാണ് സാധിക്കുകക. എന്നാല്‍ 12 വാര്‍ഡുകള്‍ ഒറ്റയടിക്ക് നഷ്ടമാകുന്നതൊടെ വരുമാനത്തില്‍ കനത്ത ഇടിവുണ്ടാകുന്നതോടൊപ്പം തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിയായി താഴും. ഇത് ചട്ട വിരുദ്ദമാണ്. ഇക്കാര്യം ഭരണണഘടനാ 243/ ക്യൂ അനുശ്ചേദത്തിൽ വ്യക്തമാക്കുന്നുണ്ട്.

കേസ് ഈമാസം 27ന് കൊടതി പരിഗാണിക്കാനിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചുന്‍ എന്ന് കോടതിക്ക് ബോധ്യമായാല്‍ കഴക്കൂട്ടം നഗരസഭ ഉണ്ടാകില്ല. അതേസമയം കഴക്കൂട്ടത്തിന്റെ പ്രാദേശിക വികാരം ഉയര്‍ത്തി നഗരസഭയ്ക്കായി സിപി‌എമ്മിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. കഴക്കൂട്ടം എംഎൽഎയായ എം എ വാഹിദാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പുതിയ കോര്‍പ്പറേഷന്‍ വന്നാല്‍ തിരുവനന്തപുരം ഇടതിനു നഷ്ടപ്പെടുന്നതോടൊപ്പം കഴക്കൂട്ടം കൈയ്യില്‍ കിട്ടുകയും ചെയ്യും എന്നതിനാല്‍ യുഡി‌എഫ് ക്യാമ്പ് തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കോടതി വിധി അനുസരിച്ചിരിക്കും തിരുവനന്തപുരം കോര്‍പ്പറേഷന്റെയും കഴക്കൂട്ടം നഗരസഭയുടെയും ഭാവി.

വെബ്ദുനിയ വായിക്കുക