കരിപ്പൂർ വിമാനത്താവളത്തിലെ വെടിവെപ്പില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ തെളിവുണ്ടെന്ന് ഉത്തരമേഖല എഡിജിപി ശങ്കർ റെഡ്ഡി. കുറ്റംചെയ്തത് ആരെന്നു സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. വെടിയുതിർക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളും ലഭിച്ചു. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇപ്പോള്‍ ലഭിച്ചതു പ്രാഥമിക റിപ്പോര്‍ട്ടാണെന്നും എഡിജിപി വ്യക്തമാക്കി.
അതേസമയം, വിമാനത്താവളത്തിലുണ്ടായ അക്രമസംഭവങ്ങൾ സംബന്ധിച്ച് എഡിജിപി ശങ്കർ റെഡ്ഡി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വിമാനത്താവളത്തിലെ വെടിവെപ്പിൽ സുരക്ഷാ വീഴ്ച്ചകൾ സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, സംഭവങ്ങൾ വിലയിരുത്താൻ ഇന്ന് വ്യോമയാന മന്ത്രാലയത്തിന്റെ ഉന്നതതല യോഗം ചേരും. വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ അധ്യക്ഷതയിലാണ് ഡല്‍ഹിയിലാണ് യോഗം ചേരുന്നത്. സിഐഎസ്എഫ് ഐജിയും വ്യോമയാന മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്ന് റിപ്പോര്‍ട്ടുകള്‍ കൈമാറിയേക്കും.
പുറത്ത് നിന്നാരും വിമാനത്താവളത്തിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ല. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള രണ്ടു വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ സാഹചര്യത്തില്‍ സുരക്ഷാ വീഴ്ച്ചകൾ സംഭവിച്ചിട്ടില്ലെന്ന് എഡിജിപി ശങ്കർ റെഡ്ഡി സമർപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വ്യാഴാഴ്‌ച രാത്രിയാണ് അദ്ദേഹം ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.