കളി കാര്യമായേക്കും; റണ്‍വേയില്‍ വാഹനം, കരിപ്പൂരിന് വിലക്കു വന്നേക്കാം

വെള്ളി, 12 ജൂണ്‍ 2015 (09:41 IST)
കഴിഞ്ഞ ദിവസം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് റണ്‍വേയില്‍ വാഹനം നിര്‍ത്തി വിമാനങ്ങള്‍ ഇറക്കാന്‍ സാഹചര്യമൊരുക്കാതിരുന്നതിനെ തുടര്‍ന്ന് കരിപ്പൂരിന് വിലക്കുവരാന്‍ സാധ്യത. റണ്‍വേയില്‍ വാഹനങ്ങള്‍ നിര്‍ത്തുകയോ റണ്‍വേ മുറിച്ചുകടക്കുകയോ ചെയ്യുന്നത് അന്താരാഷ്ട്ര വ്യോമയാനനിയമങ്ങള്‍ക്ക് എതിരാണെന്നതാണ് നിയമം.
 
വിമാനത്താവളത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മണിക്കൂറുകളാണ് അഗ്നിരക്ഷാസേന വാഹനങ്ങള്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്. വിമാനങ്ങള്‍ ഇറങ്ങുന്നസമയത്ത് റണ്‍വേയില്‍ അന്യവസ്തുക്കള്‍ കാണുന്നത് ഗുരുതരമായ വീഴ്ചയായാണ് അന്താരാഷ്ട്ര വ്യോമയാനസംഘടന കാണുന്നത്. സംഘടനയില്‍ അംഗത്വമില്ലാതെ അന്താരാഷ്ട്രസര്‍വീസുകള്‍ നടത്താനുമാവില്ല. സംഭവവുമായി ബന്ധപ്പെട്ട് കടുത്തനടപടിയിലേക്ക് അന്താരാഷ്ട്ര വ്യോമയാനസംഘടന പോകുന്നപക്ഷം കരിപ്പൂരിന്റെ നിലനില്പുതന്നെ ചോദ്യംചെയ്യപ്പെടും.
 
സംഭവം നടക്കുന്ന സമയത്ത് എയര്‍ഇന്ത്യയുടെയും ഇന്‍ഡിഗോ എയറിന്റെയും ദുബായ്-കോഴിക്കോട് വിമാനങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ അഗ്നിരക്ഷാസേന വാഹനങ്ങള്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലേക്ക് പോകുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക