അട്ടിമറിനീക്കത്തിലൂടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തു. എല്‍ ഡി എഫിന്റെ ഇ പി ലതയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍. എല്‍ ഡി എഫും യു ഡി എഫും 27 വീതം സീറ്റുകള്‍ നേടിയ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ചു വന്ന പി കെ രാഗേഷിന്റെ വോട്ടാണ് നിര്‍ണായകമായത്. ആവശ്യങ്ങള്‍ കെ പി സി സി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് രാഗേഷ് തന്റെ പിന്തുണ എല്‍ ഡി എഫിന് നല്കുകയായിരുന്നു.
യു ഡി എഫ് മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സുമ ബാലകൃഷ്ണനെ പിൻവലിച്ചില്ലെങ്കിൽ എല്‍ ഡി എഫിന് നിരുപാധിക പിന്തുണ നൽകുമെന്ന് ഡി സി സി നേതൃത്വത്തെ രാഗേഷ് അറിയിച്ചിരുന്നു. കൂടാതെ കണ്ണൂർ ടൗൺ എസ്ഐ സനൽകുമാറിനെയും സഹകരണ രജിസ്ട്രാറെയും സ്ഥലം മാറ്റണം എന്നതടക്കം ഒമ്പത് ആവശ്യങ്ങളും കോണ്‍ഗ്രസ് വിമതന്‍ ഡിസിസിക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഒന്നും കോൺഗ്രസ് അംഗീകരിക്കാതെ വന്നതോടെ രാഗേഷ് എൽഡിഎഫിന് പിന്തുണ നല്‍കുമെന്നു വ്യക്തമാക്കുകയായിരുന്നു.
രാഗേഷ് അനുകൂലികളുടെ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍, കണ്ണൂര്‍ ഡിസിസി ഈ ആവശ്യം തള്ളിയതോടെയാണ് രാഗേഷ് എല്‍ഡിഎഫിന് പിന്തുണ നല്‍കുമെന്നു വ്യക്തമാക്കിയത്. രാഗേഷിനെ വിമതനാക്കിയത് കെ സുധാകരന്റെ തന്നിഷ്ടമാണെന്ന് കണ്ണൂരിലെ എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു.