'മക്കളെ കാണാൻ അനുവദിക്കുന്നില്ല, കുടുംബം ഒറ്റപ്പെടുത്തി, എല്ലാവരും എന്നെ വെറുക്കുന്നു'; പൊട്ടിക്കരഞ്ഞ് കനകദുർഗ; വീഡിയോ

തുമ്പി ഏബ്രഹാം

വ്യാഴം, 21 നവം‌ബര്‍ 2019 (09:24 IST)
ശബരിമലയില്‍ പോയതിന് ശേഷം ജീവിതം പോലും നഷ്ടപ്പെട്ടെന്ന് കനകദുര്‍ഗ. കുടുംബപോലും കൂടെയില്ലെന്നും മക്കളെ കാണാന്‍ പോലും കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. ബിബിസി തമിഴ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ശബരിമല പ്രവേശനത്തിന് ശേഷം തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് പറഞ്ഞ് കനകദുര്‍ഗ്ഗ പൊട്ടിക്കരഞ്ഞത്.
 
ശബരിമലയില്‍ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു. കുടുംബം ഇപ്പോള്‍ കൂടെയില്ല. ശബരിമലയില്‍ നിന്നെത്തിയ ശേഷം അമ്മായിഅമ്മ മര്‍ദിച്ചു. ആശുപത്രിയില്‍ ചികിത്സ തേടി. കോടതി ഉത്തരവ് പ്രകാരം വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്ക് ഭര്‍ത്താവും കുട്ടികളും വാടകവീട്ടിലേക്ക് മാറി. ശനിയും ഞായറും മാത്രമാണ് മക്കളെ കാണാന്‍ സാധിച്ചിരുന്നത്.
 
എന്നാല്‍ വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവ് സ്റ്റേ വാങ്ങി. ഇപ്പോള്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല. ഞാനിപ്പോള്‍ കുട്ടികളെക്കുറിച്ച് ഓര്‍ക്കാറില്ല. എന്റെ മക്കള്‍ എനിക്കൊപ്പം വേണം. അവരില്ലാതെ ആ വീട്ടില്‍ കഴിയുന്നത് വളരെ ബുദ്ധിമുട്ടിയാണ്. അവര്‍ക്ക് അമ്മയോട് ഒരു ദേഷ്യവുമില്ല എന്ന് എനിക്കറിയാമെന്നും കനകദുര്‍ഗ പറഞ്ഞു.
 
സ്ത്രീകളുടെ അവകാശത്തിനുള്ള പോരാട്ടമായിരുന്നു ശബരിമല പ്രവേശനം. എന്നാല്‍, തന്റെ അവസ്ഥ കണ്ട് ഇപ്പോള്‍ ശബരിമലക്ക് പോകാന്‍ തയ്യാറെടുത്തവര്‍ പോലും പിന്മാറി. ഈ വര്‍ഷം ശബരിമലയിലേക്ക് പോകാനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും കനകദുര്‍ഗ പറഞ്ഞു. സെപ്തംബര്‍ 28ലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഈ വര്‍ഷമാദ്യമാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍